നിലമ്പൂരിലേക്ക് ഇനിമുതൽ മെമു ട്രെയിൻ സര്‍വീസ്
1514867
Monday, February 17, 2025 1:16 AM IST
ഷൊർണൂർ: നിലമ്പൂരിലേക്ക് മെമു ട്രെയിൻ സ്ഥിരമായി ഓടിത്തുടങ്ങുന്നതോടെ ഈ മേഖലയിലേക്കുള്ള യാത്രാദുരിതത്തിനും പരിഹാരമാവും.
നിലമ്പൂരിലേക്കു പുതുതായി മെമു ട്രെയിൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം എറണാകുളം- ഷൊർണൂർ മെമു പരീക്ഷണഓട്ടം നടത്തിയത്. ആദ്യഓട്ടം വിജയകരമായിരുന്നു.
സാധാരണ ദിവസങ്ങളിൽ ഷൊർണൂരിൽനിന്നും 8.15 ന് പുറപ്പെടുന്ന ഷൊർണൂർ - നിലമ്പൂർ ട്രെയിനിന് പകരമായിട്ടാണ് ശനിയാഴ്ച രാത്രി 8.40ന് മെമു നിലമ്പൂരിലേക്ക് സർവീസ് നടത്തിയത്. ഓരോ സ്റ്റേഷനുകളിലും യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിന് എത്രസമയം എടുക്കുമെന്നറിയാൻ കൂടിയാണ് മെമു നിലമ്പൂരിലേക്ക് പരീക്ഷണഓട്ടം നടത്തിയത്.
ഈസമയം വിലയിരുത്തിവേണം സ്ഥിരമായി മെമു ഓടുമ്പോൾ സമയം നിശ്ചയിക്കാൻ.
ആഴ്ചയിൽ ആറു ദിവസം രാത്രിയിൽ എറണാകുളത്തുനിന്നും ഷൊർണൂരിലെത്തി അവിടെ ഹാൾട്ട് ചെയ്ത് രാവിലെ കണ്ണൂരിലേക്കു പോകുന്നതാണ് ഈ ട്രെയിൻ. ദീർഘകാലമായി മെമു എറണാകുളത്ത് നിന്നും നിലമ്പൂരിലേക്ക് നീട്ടണമെന്ന് റെയിൽവേ ആക്്ഷൻ കൗൺസിലും ജനപ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.
പരീക്ഷണഓട്ടം വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ പുതിയ സമയക്രമം നിശ്ചയിച്ച് ഏറെ വൈകാതെതന്നെ മെമു നിലമ്പൂരിലേക്ക് സർവീസ് നടത്തും.