ജില്ലാ ആശുപത്രിയിൽ രോഗികൾക്കു പരമാവധി ശുശ്രൂഷ ഉറപ്പാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ`
1513628
Thursday, February 13, 2025 2:02 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് പരമാവധി ശുശ്രൂഷയും പരിചരണവും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കേശവൻ (67) എന്ന രോഗി 2023 ഒക്ടോബർ 30ന് ചികിത്സ കിട്ടാതെ മരിച്ചുവെന്ന പരാതിയിലാണ് ഉത്തരവ്.
ജില്ലാ ആശുപത്രി സൂപ്രണ്ടിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൂട്ടിരിപ്പുകാരില്ലാതെ ആശുപത്രിയിലെത്തിയ രോഗി ചികിത്സ സ്വീകരിക്കാൻ തയ്യാറായില്ലെന്നും ഭക്ഷണം മാത്രം മതിയെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വയറുവേദനയാണെന്ന് പറഞ്ഞ രോഗിക്ക് മരുന്നും ഭക്ഷണവും വസ്ത്രങ്ങളും നൽകി. പരിശോധനകൾക്ക് നിർദേശിച്ചപ്പോൾ രക്തം നൽകാനോ ലാബ് പരിശോധനകൾക്ക് വിധേയനാകാനോ തയ്യാറായില്ല. എങ്കിലും ചികിത്സ തുടർന്നു. ഒക്ടോബർ 28, 29 ദിവസങ്ങളിൽ രോഗിയുടെ നില മെച്ചപ്പെട്ടു. എന്നാൽ ഒക്ടോബർ 30ന് രോഗം വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു.
രോഗിയെ ആശുപത്രിയിലെത്തിച്ചവരോ പരാതി നൽകിയവരോ രോഗിയെ ശ്രദ്ധിക്കാനോ പരിചരിക്കാനോ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വർഷങ്ങൾക്ക് മുന്പ് അനാഥരായവരെ ചികിത്സിക്കാൻ ജില്ലാ ആശുപത്രിയിൽ വാർഡും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്നും ഇത് പൊളിച്ചുമാറ്റിയശേഷം ഇത്തരം സൗകര്യങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ലെന്നും പരാതിക്കാരനായ റഹീം ഒലവക്കോട് കമ്മീഷനെ അറിയിച്ചു. പരാതിവിഷയത്തിൽ ആശുപത്രി അധികൃതർ സ്വീകരിച്ച നടപടിയിൽ അപാകതകളില്ലെന്നും ഉത്തരവിൽ പറഞ്ഞു.