വീഴുമലയിൽ പുലിയുടെ സാന്നിധ്യമെന്നു സംശയം; അധികൃതർ സ്ഥലത്തെത്തി
1513425
Wednesday, February 12, 2025 6:42 AM IST
ആലത്തൂർ: വീഴുമലയുടെ പുതിയങ്കം എഴുത്തൻകാട് പ്രദേശത്തുനിന്നും മേയാൻവിട്ട ആടുകളിൽ ഒന്നിനെ കാണാതായി. മറ്റൊരാടിന്റെ കഴുത്തിൽ കടിയേറ്റ് രക്തംവാർന്ന നിലയിലും കണ്ടെത്തി. പുതിയങ്കം എഴുത്തൻകാട് രാജന്റെ ആടുകളിൽ ഒന്നിനെയാണ് ഇന്നലെ വൈകുന്നേരം നാലരയോടെ കാണാതായത്. ആടുകളെ മലയിലേക്ക് മേയ്ക്കാനായി കൊണ്ടുപോയ രാജൻ വെള്ളം കുടിക്കാനായി വീട്ടിലേക്ക് മടങ്ങിയ സമയത്താണ് സംഭവം.
മറ്റു ആടുകൾ തിരിച്ചെത്തുകയും ചെയ്തു. അപ്പോഴാണ് ആടുകളിലൊന്നിനെ കാണാതായതും മറ്റൊന്നിന്റെ കഴുത്തിൽ മുറിവേറ്റ നിലയിലും കണ്ടതു ശ്രദ്ധിച്ചതെന്ന് രാജൻ പറഞ്ഞു. മൃഗഡോക്ടർ പരിശോധിച്ചതിൽ ഏതുമൃഗമാണ് ആക്രമിച്ചതെന്നു വ്യക്തത ലഭിച്ചില്ല. പുലിയോ മറ്റു മൃഗങ്ങളാണോയെന്നു വനംവകുപ്പാണ് സ്ഥിരീകരണം നൽകേണ്ടതെന്നും അധികൃതർ അറിയിച്ചു.
വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് അറിയിച്ചതായും തഹസിൽദാർ കെ. ശരവണൻ പറഞ്ഞു. നിരീക്ഷണ കാമറകൾ സ്ഥാപിച്ചും വനംവകുപ്പിന്റെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കിയും തങ്ങളുടെ ഭയാശങ്കകൾ ദൂരീകരിക്കണന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ആലത്തൂർ തഹസിൽദാർ കെ. ശരവണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, വൈസ് പ്രസിഡന്റ് ചന്ദ്രൻ പരുവയ്ക്കൽ, ആലത്തൂർ വില്ലേജ് ഓഫീസർ ആർ. ഷീജ, വനംവകുപ്പുദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.