എലപ്പുള്ളി ബ്രൂവറിക്കെതിരേ കളക്ടർക്കു രൂപത സംഘടനാകൂട്ടായ്മയുടെ നിവേദനം
1513617
Thursday, February 13, 2025 2:02 AM IST
പാലക്കാട്: എലപ്പുള്ളിയിൽ സ്പിരിറ്റും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കാൻ ഒയാസിസ് കമ്പനിക്ക് സംസ്ഥാനസർക്കാർ അനുമതി നൽകിയത് യുവതലമുറയെ നശിപ്പിക്കാൻ കാരണമാകുമെന്നു പാലക്കാട് രൂപതയിലെ സംഘടനാകൂട്ടായ്മ ആരോപിച്ചു.
പാലക്കാട് രൂപതയുടെ നേതൃത്വത്തിൽ കെസിബിസി മദ്യവിരുദ്ധസമിതി, കത്തോലിക്ക കോൺഗ്രസ്, കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്, മാതൃവേദി, സെന്റ് വിൻസന്റ് ഡി പോൾ എന്നീ സംഘടനകൾചേർന്ന് ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്കു നിവേദനം നൽകി. പാലക്കാട് രൂപത പിആർഒ ഫാ: ജോബി കാച്ചപ്പിള്ളി, മദ്യവിരുദ്ധസമിതി രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാകളക്ടർ ജി. പ്രിയങ്കയ്ക്കു നിവേദനം നൽകിയത്.
വിവിധ സംഘടനാ ഭാരവാഹികളായ സിസ്റ്റർ ലിയാ റോസ് സിഎച്ച്.എഫ്, പ്രയ്സ് സെബാസ്റ്റ്യൻ, അഭിഷേക് പുന്നാംതടത്തിൽ, ജയിംസ് പാറയിൽ, എൻ.ടി. ബാബു, എൻ.ജെ. ജോൺസൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ലഹരിയുടെ വ്യാപനത്തിനും പരിസ്ഥിതി മലിനീകരണത്തിനും രൂക്ഷമായ ജലദൗർലഭ്യത്തിനും കൃഷിഭൂമികൾ തരിശിടാനും കർഷകർ കുടിയിറക്കപ്പെടാനും ചൂഷണത്തിനും വഴിവയ്ക്കുമെന്നും ബ്രൂവറി പ്ലാന്റ് ആരംഭിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.