ചിനക്കത്തൂർ പൂരം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
1513411
Wednesday, February 12, 2025 6:42 AM IST
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. 14 രാത്രി 9.30 ന് വെടിക്കെട്ടിന് അനുമതി തേടി വടക്കുമംഗലം ദേശം ചിനക്കത്തൂർ പൂരക്കമ്മിറ്റിക്കു വേണ്ടി വിനോദ് കുമാർ, 15 രാത്രി 9.30 ന് വെടിക്കെട്ടിന് അനുമതി തേടി വടക്കുമംഗലം ദേശം ചിനക്കത്തൂർ പൂരക്കമ്മിറ്റിക്കു വേണ്ടി മണികണ്ഠൻ, 20 രാത്രി 9.30 ന് വെടിക്കെട്ടിന് അനുമതി തേടി തെക്ക്മംഗലം ദേശം ചിനക്കത്തൂർ പൂരക്കമ്മിറ്റിക്കു വേണ്ടി വി. രാമൻ എന്നിവർ സമർപ്പിച്ച അപേക്ഷയിലാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠൻ അനുമതി നിഷേധിച്ചത്.
വെടിക്കെട്ടിനായുള്ള സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിന് അനുശാസിക്കുന്ന നിബന്ധനയ്ക്കനുസൃതമായ സംഭരണ മുറി ഇല്ല, വെടിക്കെട്ട് പ്രദർശിപ്പിക്കുന്ന സ്ഥലത്തിന്റെ റിസ്ക് അസസ്മെന്റ് പ്ലാനും ഓണ്‍സൈറ്റ് എമർജൻസി പ്ലാനും അപാകത പരിഹരിച്ച് ഹാജരാക്കിയില്ല, സ്ഫോടകവസ്തു ചട്ടപ്രകാരം പ്രദർശനത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കളുടെ സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് നിരോധിത രാസവസ്തുക്കളില്ലെന്ന് ഉറപ്പ് വരുത്തിയില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.