അടച്ചുപൂട്ടിയ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിലേക്കു കോൺഗ്രസ് മാർച്ച്
1513622
Thursday, February 13, 2025 2:02 AM IST
വടക്കഞ്ചേരി: ഇന്ദിരാ പ്രിയദർശിനി ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന ട്രെയിൻ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി.
വടക്കഞ്ചേരി ടൗണിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ റിസർവേഷൻ കൗണ്ടർ ഓഫീസിനു മുന്നിലെത്തിയത്. മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം കെപിസിസി അംഗം പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു.
റിസർവേഷൻ കൗണ്ടർഓഫീസ് തുറന്നുപ്രവർത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കെ. രാധാകൃഷ്ണൻ എംപിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ഇക്കാര്യത്തിലുള്ള എംപിയുടെ മൗനം പിടിപ്പുകേടാണെന്നും കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ഡോ. അർസലം നിസാം, എ. അയ്യപ്പൻ, ഇല്യാസ് പടിഞ്ഞാറെക്കളം, ഉദയൻ കാവശേരി, സുദേവൻ കാരപ്പൊറ്റ, ഉദയകുമാർ പുതുക്കോട്, റെജി കെ. മാത്യു, ബാബു മാധവൻ, എൻ. രവി, എം.എസ്. അബ്ദുൾ ഖുദൂസ് എന്നിവർ പ്രസംഗിച്ചു.
മേഖലയിലെ പത്തോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രയോജനകരമായിരുന്ന കൗണ്ടറാണ് മുന്നറിയിപ്പില്ലാതെ ഈ മാസമാദ്യം അടച്ചത്.