ചിനക്കത്തൂരിൽ തോൽപ്പാവക്കൂത്ത് ഇന്നുമുതൽ
1513621
Thursday, February 13, 2025 2:02 AM IST
ഒറ്റപ്പാലം: ചിനക്കത്തൂരിൽ പൂരത്തിനു മുന്നോടിയായുള്ള തോൽപ്പാവക്കൂത്ത് ഇന്നുതുടങ്ങും. രാത്രിയിൽ കൂത്തുമാടം കൊട്ടിക്കയറുന്നതോടെ തോൽപ്പാവകൾ നിഴൽനാടകമാടിത്തുടങ്ങും. പാലപ്പുറം സദാനന്ദപുലരാണ് 17 ദിവസം നീണ്ടുനിൽക്കുന്ന തോൽപ്പാവക്കൂത്തിനു നേതൃത്വം നൽകുന്നത്.
പഞ്ചവടിയിൽതുടങ്ങി ശ്രീരാമ പട്ടാഭിഷേകത്തോടുകൂടിയാണ് തോൽപ്പാവക്കൂത്തിനു വിരാമമാകുന്നത്. രാമരാവണയുദ്ധം നടക്കുമ്പോൾ ഭദ്രകാളിയും ദാരികനും തമ്മിൽ യുദ്ധത്തിലായിരുന്നു.
തുടർന്ന് രാമരാവണ യുദ്ധം കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ദേവിക്കുമുമ്പിൽ യുദ്ധത്തിന്റെ പുനരാവിഷ്കാരം എന്ന നിലയിലാണ് തോൽപ്പാവകളെകൊണ്ട് കമ്പരാമായണം കഥപറയിക്കുന്നതെന്നാണ് ഐതിഹ്യം.
ചിനക്കത്തൂർ ഭഗവതിക്ഷേത്രത്തിനു മുൻവശത്തുള്ള കൂത്തുമാടത്തിലാണ് തോൽപ്പാവക്കൂത്ത് അരങ്ങേറുന്നത്. ചിനക്കത്തൂർ ദേവസ്വത്തിന്റെ കൂത്തോടു കൂടിയാണ് തോൽപ്പാവക്കൂത്തിനു തുടക്കമാവുന്നത്. തോൽപ്പാവക്കൂത്ത് അവസാനിക്കുന്ന മാർച്ച് ഒന്നിന് പൂരത്തിനു കൊടിയേറും. മാർച്ച് 12നാണ് ചിനക്കത്തൂർ പൂരം.
തോൽപ്പാവകൾക്ക് ആചാര്യനായി സദാനന്ദപ്പുലവർ
മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: ചിനക്കത്തൂരിൽ തോൽപ്പാവകൾ നിഴൽനാടകമാടുമ്പോൾ ആചാര്യസ്ഥാനത്ത് സദാനന്ദപുലവർ തന്നെ. പിതാവിന്റെ വഴിയേ കമ്പരാമായണം തോൽപ്പാവക്കൂത്ത് ചെറുപ്രായം മുതൽ തന്നെ ഹൃദ്യസ്ഥമാക്കി ഈ കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആചാര്യനാണ് പാലപ്പുറം സദാനന്ദപുലവർ.
പുരാണേതിഹാസങ്ങളാൽ ചിനക്കത്തൂരിന്റെ കൂത്തുമാടരാവുകൾ ഇന്നുമുതൽ ശബ്ദമുഖരിതമാവുമ്പോൾ നിദ്രാവീഹീനമായ ദിനരാത്രങ്ങളാണ് ഇനിമുതൽ സദാനന്ദ പുലവർക്കുള്ളത്.
പിതാവ് അണ്ണാമല പുലവരിൽനിന്ന് നിഴൽനാടകത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച സദാനന്ദ പുലവർ ഇന്ന് കേരളമറിയപ്പെടുന്ന തോൽപ്പാവക്കൂത്ത് ആചാര്യനാണ്.
ഒറ്റപ്പാലത്തിന്റെ സ്വന്തം പൈതൃക കലാകാരൻ കൂടിയാണ് സദാനന്ദപുലവർ. പതിനഞ്ചാം വയസിൽ ചിനക്കത്തൂരിന്റെ മണ്ണിലെ കൂത്തുമാടത്തിൽ നിന്നുമാണ് സദാനന്ദപുലവർ തോൽപ്പാവക്കൂത്തിൽ അരങ്ങേറ്റം കുറിച്ചത്. പിതാവ് അണ്ണാമല പുലവർ ഏൽപിച്ചുനൽകിയ മഹത്തായ കല എല്ലാവിധ പരിശുദ്ധിയോടെ ഇന്നും ഇദ്ദേഹം തുടർന്നുപോരുനുണ്ട്.
ഏഴുതലമുറയായി കാത്തുസൂക്ഷിക്കുന്ന താളിയോലഗ്രന്ഥങ്ങളും തോൽപ്പാവകളും ഇദ്ദേഹം ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. തോൽപ്പാവകൂത്തിന്റെ എല്ലാ പ്രമാണങ്ങളും അടങ്ങിയ തമിഴ് ഗ്രന്ഥങ്ങളാണിത്.
തോൽപ്പാവകൂത്തിൽ പറയുന്ന കാമശാസ്ത്രത്തിന്റെ വ്യാഖ്യാനം അടക്കമുള്ള ഈ പ്രമാണങ്ങൾ ലോകത്തു മറ്റൊരിടത്തും ഇല്ലന്നുള്ളതാണ് യാഥാർഥ്യം. "പേരാത നാട്ടമൊൻറ് പെരുമൂച്ചു രണ്ടു" എന്നു തുടങ്ങുന്ന കാമശാസ്ത്രത്തിന്റെ അർഥവ്യാഖ്യാനം നൽകാൻ കഴിവുള്ളവർ മൂന്നുപേരേ ഇന്നു ജീവിച്ചിരിപ്പുള്ളു. -സദാനന്ദപുലവരും, പാലപ്പുറം കൃഷ്ണമൂർത്തി പുലവരും സുബ്രഹ്മണ്യ പുലവരും. ഇതുപോലെ തന്നെ "അംഗദൻ ദൂതിനെ പൂതനായകൻ" എന്നു തുടങ്ങുന്ന പാട്ടിനു ശരിയായി അർഥംപറയാൻ കഴിവുള്ളവരുംകുറവാണ്. പാവക്കൂത്ത് എന്ന കല അന്യം നിന്നുപോകാതിരിക്കാൻ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൂത്ത് പഠിക്കാൻ താത്പര്യമുള്ളവരിലേക്ക് പകർന്നു നൽകുകയാണ് സദാനന്ദപുലവർ.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പഠനകളരിയിൽ 12 പേരാണ് നിലവിൽ കല അഭ്യസിക്കുന്നത്. ഒറ്റപ്പാലത്തിന്റെയും പരിസരപ്രദേശങ്ങളുടെയും സത്യസന്ധമായ ചരിത്രം പകർന്നു നൽകുന്നതിനും ഇദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.
ഇതിനായി എല്ലാവിധ പിന്തുണയുമായി ഭാര്യ പുഷ്പാവതിയും മകൻ ഗോകുലും കൂടെയുണ്ട്. അർഹതപ്പെട്ട അംഗീകാരങ്ങൾ വഴി മാറിപ്പോകുമ്പോഴും നിസ്വാർത്ഥനായി കൂത്തുമാടങ്ങളിൽ മുഴുകുകയാണ് സദാനന്ദപുലവർ.