ഹരിതകർമസേനയുടെ യൂസർഫീക്കെതിരേ ഒറ്റപ്പാലത്തെ വ്യാപാരികൾ സമരത്തിന്
1513620
Thursday, February 13, 2025 2:02 AM IST
ഒറ്റപ്പാലം: മാലിന്യമില്ലാത്ത വ്യാപാരസ്ഥാപനങ്ങൾപോലും ഹരിതകർമസേനയുടെ യൂസർഫീ അടയ്ക്കണമെന്ന നിബന്ധന ബുദ്ധിമുട്ടിക്കുന്നതായി വ്യാപാരികൾ.
ലൈസൻസ് പുതുക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കു ഒറ്റപ്പാലം നഗരസഭയിലെത്തുമ്പോൾ ഒരുവർഷക്കാലത്തെ യൂസർഫീ ഒന്നിച്ച് അടച്ചശേഷമേ അനുമതിയുള്ളുവെന്നതാണു പ്രശ്നമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പി.പി. അബ്ദുൾ ലത്തീഫ്, ജന. സെക്രട്ടറി കെ.പി. മുഹമ്മദ് സലീം, ഖജാൻജി കെ.ടി. സുരേഷ് ബാബു, പി.വി. ബഷീർ എന്നിവർ പറഞ്ഞു.
150 രൂപയാണ് ഒരുമാസം നഗരസഭാ പരിധിയിലെ വ്യാപാരസ്ഥാപനങ്ങൾ ഹരിതകർമസേനയ്ക്കു യൂസർഫീയായി നൽകേണ്ടത്.
ആകെ 1,500 സ്ഥാപനങ്ങളുള്ളതിൽ 400 സ്ഥാപനങ്ങളിൽ മാലിന്യം വളരെകുറവോ തീരെയില്ലാത്തതോ ആണ്. ഇത്തരം സ്ഥാപനങ്ങൾക്കും മാലിന്യമില്ലെങ്കിലും പണം നൽകേണ്ടിവരുന്നുണ്ട്. യൂസർഫീ നൽകുന്നതിന് മാലിന്യം നിശ്ചിത അളവിൽ കൂടുതലുള്ളവർ, കുറവുള്ളവർ, തീരെയില്ലാത്തവർ എന്നിങ്ങനെ മൂന്ന് വിഭാഗമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
യൂസർഫീ നൽകുന്നതിന് പ്രത്യേക മാനദണ്ഡമുണ്ടാക്കി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം നഗരസഭയെ പരാതിയുമായി സമീപിച്ചിരുന്നെങ്കിലും ഇതുവരെ നടപടികളുണ്ടായില്ലെന്നും ഇതിൽ പ്രതിഷേധിച്ച് നാളെ രാവിലെ പത്തിന് ഒറ്റപ്പാലം നഗരസഭയിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
അതേസമയം, സർക്കാർ നിർദേശപ്രകാരമുള്ള യൂസർഫീയാണ് ഈടാക്കുന്നതെന്നും നഗരസഭയ്ക്ക് ഒറ്റയ്ക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കാനാകില്ലെന്നും നഗരസഭാ അധികൃതർ പ്രതികരിച്ചു.