വെള്ളിക്കുളമ്പിൽ വെള്ളമില്ലാതെ ഏക്കർകണക്കിനു നെൽകൃഷിനാശം
1513618
Thursday, February 13, 2025 2:02 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ വാൽക്കുളമ്പിനടുത്ത് വെള്ളിക്കുളമ്പിൽ വെള്ളമില്ലാതെ ഏക്കർകണക്കിനു നെൽകൃഷി ഉണങ്ങിനശിച്ചു.
അബ്ബാസ് എന്നയാൾ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ നെൽകൃഷിയാണ് കൂടുതലും ഉണങ്ങിയിട്ടുള്ളത്. അബ്ബാസിന്റെ മാത്രം മൂന്നേക്കർ കൃഷി നശിച്ചിട്ടുണ്ട്. സബൂറ സെയ്ദ്, ലിബി എൽദോ, ആനി ജോർജ് എന്നിവരുടെ കൃഷിയും നശിച്ചിട്ടുണ്ട്.
കതിരുവന്ന നെല്ലാണ് മൂപ്പെത്തുംമുമ്പെ ഉണക്കത്തിലായത്. ഉണങ്ങിയ നെല്ല് കന്നുകാലികൾക്ക് തീറ്റക്കായി ആളുകൾ അരിഞ്ഞു കൊണ്ടു പോവുകയാണിപ്പോൾ.
കനാൽവെള്ളം എത്താത്ത ഈ പാടശേഖരത്തിൽ രണ്ടാംവിള കൃഷി വൈകിയതാണ് നെല്ലുണക്കത്തിനു കാരണമായത്.
പാടത്തേക്കു ട്രാക്ടർ ഇറക്കാനുണ്ടായിരുന്ന വഴി സ്വകാര്യവ്യക്തികൾ കൈയേറി വഴി വീതികുറഞ്ഞതു വാഹനമിറക്കാൻ പറ്റാത്ത സ്ഥിതിയിലാക്കി. ഇതിനാൽ യഥാസമയം പാടത്ത് ട്രാക്ടർ ഇറക്കി കൃഷിപ്പണികൾ നടത്താനായില്ല.
പിന്നീട് പലരും ഇടപെട്ടാണ് ട്രാക്ടർ ഇറക്കാൻ വഴിയൊരുക്കിയതെന്നു കർഷകർ പറയുന്നു. അപ്പോഴേക്കും നടീലും വൈകി. മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന പ്രദേശമാണിവിടം.
കൃഷി ഭൂമി തരം മാറ്റി മറ്റുവിളകൾക്കും കെട്ടിടങ്ങൾക്കും ഉപയോഗിക്കുമ്പോൾ കൃഷിഭവൻ നടപടിയെടുക്കാതെ നോക്കുകുത്തിയായി മാറുകയാണെന്നും കർഷകർ ആരോപിച്ചു.
അധികൃതരുടെ കൂടി അനാസ്ഥ മൂലം കൃഷിനശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.