തട്ടിപ്പുകൾക്കെതിരേ ബോധവത്കരണവുമായി ആഗോള സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണം
1513428
Wednesday, February 12, 2025 6:42 AM IST
പാലക്കാട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ 1930 എന്ന ഹെൽപ് ലൈൻ നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും അപരിചിതരില്‍ നിന്നുവരുന്ന ഫോണ്‍കോളുകള്‍ അവഗണിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും വിദഗ്ധർ.
ആഗോള സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ കളക്ടറേറ്റില്‍ നടത്തിയ ബോധവത്കരണ ക്ലാസിലാണ് മുന്നറിപ്പ് സന്ദേശമുയർന്നത്. ജില്ലയില്‍ സൈബര്‍ ആക്രമങ്ങളെ തടഞ്ഞ് സുരക്ഷിതവും ധാര്‍മികവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ക്ലാസ് നടത്തിയത്. ജില്ലാ കളക്ടർ ജി. പ്രിയങ്ക പങ്കെടുത്തു.
ജില്ലാ ഇന്‍ഫോര്‍മാറ്റിക് അസോസിയേറ്റ് എസ്. ശ്രുതി, സൈബര്‍സെല്‍ ഓഫീസര്‍ വിനീത് എന്നിവര്‍ ക്ലാസെടുത്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഡയറക്ടര്‍ (ഐടി) ആന്‍ഡ് ജില്ലാ ഇന്‍ഫോര്‍മേറ്റിക്സ് ഓഫീസര്‍ പി. സുരേഷ്കുമാര്‍ വിഷയാവതരണം നടത്തി. ഐടി മിഷന് ജില്ലാ പ്രോജക്റ്റ് മാനേജര്‍ മഹത്ത്, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.