പാതിവില തട്ടിപ്പ്: വടക്കഞ്ചേരിയിൽ പരാതിക്കാരുടെ എണ്ണത്തിൽ വർധന
1513623
Thursday, February 13, 2025 2:02 AM IST
വടക്കഞ്ചേരി: ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഗൃഹോപകരണങ്ങളും മറ്റും പാതിവിലയ്ക്ക് ലഭ്യമാക്കുമെന്ന വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി അനന്തു കൃഷ്ണന്റെ പാതിവില കെണിയിൽപ്പെട്ടവരുടെ എണ്ണം വടക്കഞ്ചേരി മേഖലയിലും ഉയരുകയാണ്. അറുപത് പരാതികളിൽ 16 കേസുകളെടുത്തതായി പോലീസ് പറഞ്ഞു.
ഓരോ ദിവസവും പരാതികൾ പ്രവഹിക്കുന്ന സ്ഥിതിയാണ്. വഞ്ചിതരായ കുറെ പേരെല്ലാം നാണക്കേടും പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി ഇനിയും പണവും സമയവും കളയണ്ട എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ളവരും അല്ലാത്തവരും സർക്കാർ ജീവനക്കാരുമൊക്കെയുണ്ട് തട്ടിപ്പിൽ കുടുങ്ങിയവരിൽ. ഇല്ലാത്ത പണം കണ്ടെത്തി സ്കൂട്ടറിനും ലാപ് ടോപ്പിനുമെല്ലാം പണം അടച്ചവർ നിരവധി സ്ത്രീകളുണ്ട്.
3500 രൂപയുടെ കിറ്റ് 1500 രൂപക്ക് കിട്ടുമെന്നു കേട്ടപ്പോൾ ഒന്നും ആലോചിക്കാതെ കെണിയിൽ വീണവരും കുറവല്ല. അക്ഷയ കേന്ദ്രം നടത്തിപ്പുകാർ, പഞ്ചായത്ത് മെംബർമാർ, ആശാ വർക്കർമാർ, പോലീസുകാരുടെ ഭാര്യമാർ ഉൾപ്പെടെയുണ്ട് കെണിയിൽ വീണവരിൽ. കണ്ണമ്പ്ര പഞ്ചായത്തിൽ നിന്നാണ് കൂടുതൽ പരാതികളെത്തുന്നതെന്ന് പോലീസ് പറഞ്ഞു.