തെരുവത്ത് പള്ളിനേർച്ചയിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽ നിന്നും കാളവണ്ടികളിൽ വിശ്വാസികളെത്തി
1513418
Wednesday, February 12, 2025 6:42 AM IST
വണ്ടിത്താവളം: തെരുവത്തുപള്ളി ചന്ദനക്കുടം നേർച്ച ആഘോഷത്തിൽ പങ്കെടുക്കാൻ തമിഴ്നാട്ടിൽനിന്നും കാളവണ്ടികളിൽ നേർച്ചസംഘമെത്തി. ആനമല, ഉടുമൽപ്പേട്ട, മടത്തുക്കുളം, പൂലാംകിണർ, വേട്ടക്കാരൻപുതൂർ, ഉത്തുക്കുഴി, അന്പ്രാംപാളയം, വളന്തായമരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽനിന്നുമാണ് സവാരിവണ്ടികളിൽ വിശ്വാസികൾ വണ്ടിത്താവളം വഴി എത്തിയത്.
ദൂരദിക്കുകളിൽനിന്നും എത്തിയവർ റോഡുവക്കത്തു മരത്തണലുകളിൽ തന്പടിച്ച് ഭക്ഷണം പാകംചെയ്ത് കഴിച്ചശേഷമാണ് പല്ലഞ്ചാത്തനൂർ പള്ളിനേർച്ചയ്ക്ക് പുറപ്പെട്ടത്. തമിഴ്നാട്ടിൽനിന്നും വരുന്നവർ 30, 40 വർഷമായി തുടർച്ചയായി ഉത്സവത്തിൽ പങ്കെടുക്കാറുണ്ടെന്ന് അറിയിച്ചു.
പകൽസമയത്ത് കൊടുംചൂടുകാരണം മിക്ക വണ്ടികളും വൈകുന്നേരത്തും രാത്രിസമയത്തുമാണ് സഞ്ചരിക്കുന്നത്. നേർച്ചയ്ക്കു പോകുന്നവർ അഞ്ചും പത്തും വീതം വണ്ടികൾ ഒന്നിച്ചാണ് സഞ്ചാരമെങ്കിലും തിരിച്ചുവരുന്നത് അന്പതും അറുപതും വണ്ടികൾ ഒന്നിച്ചാണ്.