ഒന്നേകാൽ നൂറ്റാണ്ടിന്റെ ശോഭയിൽ; "നാലുകെട്ട്' സ്കൂളിലിന്ന് വാർഷികാഘോഷം
1513433
Wednesday, February 12, 2025 6:42 AM IST
വടക്കഞ്ചേരി: നാലുകെട്ടിനുള്ളിലെ ക്ലാസ് മുറികൾ. നടുമുറ്റത്ത് പൂക്കളും ചെറുചെടികളുമായി പച്ചപ്പിന്റെ ഹരിതശോഭ. ക്ലാസിലിരുന്നുതന്നെ കുട്ടികൾക്കു മഴ ആസ്വദിക്കാം. സ്കൂളിനുമുന്നിൽ രണ്ടേക്കറിലുള്ള വിശാലമായ ഗ്രൗണ്ടിനുചുറ്റും തണൽവിരിച്ച് കുടചൂടിനിൽക്കുന്ന വൻമരങ്ങൾ.
സ്കൂളിനുപിന്നിൽ നെൽവയലുകൾ. ആലത്തൂർ ഉപജില്ലയിലെ ഏറ്റവും പഴക്കംചെന്ന മിഡിൽ സ്കൂളായ മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിന്റെ സവിശേഷതകളാണിതെല്ലാം. അഞ്ച്, ആറ്, ഏഴ് എന്നീ ക്ലാസുകൾമാത്രമാണ് ഇവിടെയുള്ളത്.
സ്കൂളിനു പ്രായം 125 വർഷം. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ, പ്രസിദ്ധ കർണാടക സംഗീതജ്ഞനായിരുന്ന എം.ഡി. രാമനാഥൻ, കളക്ടറായി റിട്ടയർചെയ്ത പി. രാജഗോപാൽ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അധ്യാപകനായിരുന്ന കെ.എം.പി. നായർ തുടങ്ങിയ പ്രമുഖർ സ്കൂളിലെ പൂർവവിദ്യാർഥികൾ.
യാതൊരു മിനുക്കുപണികളോ പൊളിച്ചുപണികളോ നടത്താതെ 125 വർഷംമുമ്പ് നിർമിച്ച അതേ ഓടിട്ട കെട്ടിടത്തിലാണ് ഇന്നും സ്കൂൾ പ്രവർത്തിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രണ്ടടിയോളം വണ്ണമുള്ള മൺചുമരുകൾ, വൈദഗ്ധ്യമുള്ള പുരാതന മരപ്പണികൾ, ഏതു വേനലിലും ചൂട് അനുഭവപ്പെടാത്ത ക്ലാസ് മുറികൾ...
ഈ സ്കൂളിനു അങ്ങനെയും പ്രത്യേകതകൾ ഏറെയുണ്ട്. ആയിരത്തി തൊള്ളായിരാമാണ്ടിൽ മഞ്ഞപ്ര വലിയ മഠത്തിൽ മണിയൻ വാധ്യാരാണ് സ്കൂൾ ആരംഭിച്ചതെന്നാണു ചരിത്രം. തുടർന്ന് സി.പി. ശർമ മാസ്റ്റർ, പ്രഫ. തോമസ് ജേക്കബ്, എന്നിവർക്ക് പിന്നാലെ ലാസർ മാസ്റ്റർ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. അദേഹത്തിന്റെ കൊച്ചുമകളായ ട്വിങ്കിളിന്റെ ഓർമ നിലനിർത്താനായിരുന്നു സ്കൂളിന്റെ പേര് ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂൾ എന്നാക്കിയത്.
ലാസർ മാസ്റ്ററുടെയും ഭാര്യ സെലീന ടീച്ചറുടെയും കാലശേഷം മകൾ ഓമന ജോസഫാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ. വാർഷികാഘോഷ പരിപാടികൾ ഇന്നു വൈകുന്നേരം ആറിന് മുൻ വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.