ബജറ്റിനെതിരേ കെപിഎസ്ടിഎ ധർണ
1513432
Wednesday, February 12, 2025 6:42 AM IST
പാലക്കാട്: സംസ്ഥാനസർക്കാർ ബജറ്റ് നിരാശാജനകമെന്നും അധ്യാപകരെയും ജീവനക്കാരെയും വഞ്ചിച്ചെന്നും ആരോപിച്ച് കെപിഎസ്ടിഎ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധം പാലക്കാട് സിവിൽ സ്റ്റേഷനുമുന്നിൽ നടത്തി.
പാലക്കാട് റവന്യൂജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടമൈതാനം അഞ്ചുവിളക്ക് പരിസരത്തുനിന്നും പ്രതിഷേധപ്രകടനമായെത്തി കളക്ടറേറ്റിനു മുന്നിലായിരുന്നു ധർണ.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ ജലരേഖയായി മാറിയെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങൾ ഒന്നുമില്ലെന്നും യോഗം ആരോപിച്ചു.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ധർണ ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഷാജി എസ്. തെക്കേതിൽ അധ്യക്ഷത വഹിച്ചു.
ജയിംസ് തോമസ്, എസ്. ശ്രീജേഷ്, ബിജു ജോസ്, രമേശ് പാറപ്പുറത്ത്, പി.ജി. ദേവരാജൻ, കെ. ഷംസുദ്ദീൻ, മറ്റുഭാരവാഹികളായ സി. സജീവ്, കെ. ശശികുമാർ പ്രസംഗിച്ചു.