സംസ്ഥാന ബജറ്റ് കർഷകദ്രോഹമെന്ന് കർഷക ഫെഡറേഷൻ
1513626
Thursday, February 13, 2025 2:02 AM IST
വടക്കഞ്ചേരി: കർഷകർക്ക് അനുകൂലമായി യാതൊരു പദ്ധതികളും പ്രഖ്യാപിക്കാതെയുള്ള സംസ്ഥാന ബജറ്റിലൂടെ ഇടതു സർക്കാരിന്റെ കർഷകദ്രോഹ സമീപനം പുറത്തായെന്ന് കേരള കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ. സുരേഷ് ബാബു പറഞ്ഞു. എളവംപാടത്ത് നടന്ന കേരള കർഷക ഫെഡറേഷന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ നിയമങ്ങളും ചട്ടങ്ങളും കേരളത്തിന്റെ സവിശേഷമായ കാർഷികരംഗത്തിന് പൂർണമായി ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിൽ പരിഷ്കരിക്കണമെന്നും ത്രിതല പഞ്ചായത്തുകളിലെ തൊഴിലുറപ്പു പദ്ധതി പ്രവർത്തനങ്ങളും കാർഷികരംഗത്തെ പ്രവർത്തനങ്ങളും ഏകോപിക്കാൻ പ്രാദേശിക കാർഷികകലണ്ടർ തയ്യാറാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വന്യജീവി ആക്രമങ്ങൾ തടയാൻ സമഗ്രമായ പദ്ധതികൾ നടപ്പിലാക്കണമെന്നും കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊന്ന് മാംസം ഭക്ഷിക്കാനുള്ള അനുവാദം കർഷകർക്ക് നൽകണമെന്നും നെൽകർഷകരുടെ ദുരിതത്തിന് ഫലപ്രദമായ പരിഹാരം കാണണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വികാസ് ചക്രപാണി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എ. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി എ. ദിലീപ്കുമാർ - പ്രസിഡന്റ്, പി.കെ. ഭക്തൻ, ഗോപാലകൃഷ്ണൻ - വൈസ് പ്രസിഡന്റുമാർ, സുജ അനിൽകുമാർ - സെക്രട്ടറി, ഹരിദാസ് ശ്രീകൃഷ്ണപുരം , എസ്. റീജിത്ത് - ജോയിന്റ് സെക്രട്ടിമാർ, കെ. ശിവൻ കൊല്ലാട് -ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.