പകുതിവില തട്ടിപ്പ് പരാതികൾ ഒതുക്കാൻ ശ്രമം: സുമേഷ് അച്യുതൻ
1513419
Wednesday, February 12, 2025 6:42 AM IST
ചിറ്റൂർ: പകുതിവിലയ്ക്ക് വാഹനം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ പാവപ്പെട്ടവരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പരാതി ഒതുക്കി തീർക്കാൻ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നതായി ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ പറഞ്ഞു.
തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്താകെ ഇതുവരെ ലഭിച്ച പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും മന്ത്രിയുടെ പാർട്ടിയിൽപെട്ട പഞ്ചായത്ത് അംഗത്തിനെതിരെയുള്ള കേസ് കൈമാറാത്തത് മന്ത്രിയുടെ ഇടപെടലിന്റെ ഭാഗമാണ്. ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയാണ് ബിനാമികളെ വെച്ച് സംസ്ഥാന നേതാക്കൾ പണപ്പിരിവ് നടത്തിയത്. ഇതിന്റെ ഭാഗമായി വലിയൊരു തുക കമ്മീഷനായും ചില നേതാക്കൾ കൈപ്പറ്റിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. സാജൻ അധ്യക്ഷനായി ഡിസിസി ജനറൽ സെക്രട്ടറി സി.സി. സുനിൽ, ഷഫിക്ക് അത്തിക്കോട്, രതീഷ് പുതുശേരി, ഷഫിക തത്തമംഗലം, വത്സൻ പെരുവെമ്പി, അജിത്ത്, ജിതിൻ ജിത്തു, സോനു പ്രണവ്, രാഹുൽ കൃഷ്ണ, അജീഷ് വിശ്വനാഥ്, മുരളി തറക്കളം, സുരേഷ് ബാബു, ബി. പ്രശാന്ത് എന്നിവർ പങ്കെടുത്തു.