ദേശീയ മന്തുരോഗ നിവാരണം: സമൂഹചികിത്സാപരിപാടിക്കു ജില്ലയിൽ തുടക്കം
1513413
Wednesday, February 12, 2025 6:42 AM IST
പാലക്കാട്: ദേശീയ മന്തുരോഗനിവാരണ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമൂഹ ചികിത്സാ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. മന്തുരോഗത്തിന് കാരണമാകുന്ന മൈക്രോ ഫൈലേറിയ വിരകൾക്കെതിരെ ഒരു സമൂഹത്തിലെ മുഴുവൻ ആളുകൾക്കും ഒരു ദിവസം തന്നെ ഗുളിക നൽകി വിരസാന്ദ്രത കുറച്ച് സമൂഹത്തിൽ രോഗസംക്രമണം തടയുന്നതിനുള്ള പരിപാടിയാണിത്.
രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആർ. ശോഭന അധ്യക്ഷത വഹിച്ചു. മൈക്രോ ഫൈലേറിയ വിരകളുടെ സാനിധ്യം പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ മൈക്രോ ഫൈലെറിയ അസസ്മെന്റ്, പ്രീടാസ് സർവെകൾ നടത്തിയിരുന്നു.
ഇതിൽ മൈക്രോ ഫൈലേറിയ വിരകൾ ബാധിച്ച വ്യക്തികളുടെ എണ്ണം കൂടുതൽ റിപ്പോർട്ട് ചെയ്ത കോങ്ങാട് ഹെൽത്ത് ബ്ലോക്കിലെ കോങ്ങാട്, അകത്തേത്തറ, മലന്പുഴ, മരുതറോഡ്, പുതുപ്പരിയാരം, കേരളശേരി, മണ്ണൂർ, കരിന്പ, മുണ്ടൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും പാലക്കാട് മുനിസിപ്പാലിറ്റിയിലുമാണ് സമൂഹ ചികിത്സാ പരിപാടി നടപ്പാക്കുന്നത്.
ശരീരത്തിലെ ഫൈലേറിയ വിരകൾ നശിക്കുന്നതിനായി ഒരു ആൽബന്റസോൾ ഗുളികയും മൈക്രോഫൈലേറിയ വിരകൾ നശിക്കുന്നതിനായി പ്രായമനുസരിച്ച് നിഷ്കർഷിച്ചിട്ടുള്ള അളവിൽ ഡിഇസി ഗുളികകളും കഴിക്കണം. ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് പ്രദേശനിവാസികൾ എല്ലാവരും ഗുളികകൾ കഴിച്ചു എന്ന് ഉറപ്പുവരുത്തും. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, കാൻസർ, വൃക്ക രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ഒഴികെ എല്ലാവരും ഗുളികകൾ കഴിക്കണം. ആഹാരത്തിനു ശേഷമാണ് ഗുളികകൾ കഴിക്കേണ്ടത്. മൈക്രോ ഫൈലേറിയ വിരകൾ ശരീരത്തിൽ ഉണ്ടായാലും രോഗ ലക്ഷണങ്ങളോ കാര്യമായ ബുദ്ധിമുട്ടുകളോ പ്രകടമാകാൻ അഞ്ചു മുതൽ 15 വർഷങ്ങൾ വരെ എടുക്കും എന്നതിനാൽ തന്നെ രോഗബാധിതരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. രോഗ ലക്ഷണങ്ങളില്ലാത്ത ആരോഗ്യമുള്ളവരും ഗുളികകൾ കഴിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.