പൈപ്പ് ലൈൻ സ്ഥാപിച്ച് അഞ്ചുവർഷം; കുടിവെള്ളംമാത്രം എത്തിയില്ല
1513421
Wednesday, February 12, 2025 6:42 AM IST
നെന്മാറ: ഗാർഹിക ജലവിതരണ പൈപ്പുകളും മീറ്ററുകളും സ്ഥാപിച്ച് അഞ്ചുവർഷം കഴിഞ്ഞിട്ടും വെള്ളംവിതരണം അനിശ്ചിതത്വത്തിൽ. പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി അയിലൂർ പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഉൾപ്പെടുന്ന തെങ്ങുംപാടം, ഒലിപ്പാറ, കൊടിക്കരുമ്പ്, പുത്തൻചള്ള, മടക്കുളമ്പ്, നേർച്ചപ്പാറ, പൈതലച്ചള്ള, വണ്ടിക്കടവ്, കടലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾക്കാണ് ജലവിതരണം അഞ്ചുവർഷമായിട്ടും ആരംഭിക്കാത്തത്.
ഇക്കാര്യം ഉന്നയിച്ച ് നിരവധിതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പഞ്ചായത്തംഗം കെ.എ. മുഹമ്മദ്കുട്ടി പറഞ്ഞു. കയറാടി കൈതച്ചിറയിൽ നിന്നുള്ള ജലസംഭരണിയിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യാൻ പൈപ്പുകളും മീറ്ററുകളും സ്ഥാപിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു.
തെങ്ങുംപാടം പുഴയ്ക്ക് കുറുകെ ഒരടിയിലേറെ വ്യാസമുള്ള പൈപ്പ് വീതി കുറഞ്ഞ പാലത്തിൽ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗം തടസം നിന്നതിനെ തുടർന്നാണ് ഒലിപ്പാറ മേഖലയിലേക്കുള്ള ജലവിതരണകുഴൽ പുഴയ്ക്കു കുറുകെ സ്ഥാപിക്കാൻ വൈകിയത്.
പ്രദേശവാസികളുടെ സമ്മർദ്ദത്തെ തുടർന്ന് പാലത്തിലൂടെ അല്ലാതെ പുഴയ്ക്ക് അടിഭാഗത്ത് കൂടെ കോൺക്രീറ്റ് കട്ടകൾ പിടിപ്പിച്ച് രണ്ടുവർഷത്തിനുശേഷം പൈപ്പുകൾ സ്ഥാപിച്ചെങ്കിലും അടിപ്പെരണ്ട തെങ്ങുംപാടം പുഴയ്ക്ക് അപ്പുറത്തുള്ള രണ്ടു വാർഡുകൾക്ക് പിന്നീട് ജലവിതരണം ആരംഭിച്ചില്ല. ഇതോടൊപ്പം ഒന്നാംഘട്ടത്തിൽ പൈപ്പ് സ്ഥാപിച്ച എല്ലാ മേഖലകളിലേക്കും കൈതച്ചിറയിൽ ഉള്ള ജലസംഭരണിയിൽ നിന്നും വിതരണം ആരംഭിച്ചിട്ട് വർഷങ്ങളായി.
പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നിരന്തര സമ്മർദ്ദത്തെ തുടർന്ന് തെങ്ങും പാടം പുഴയ്ക്ക് അപ്പുറത്തുള്ള ജലവിതരണ പൈപ്പ് ലൈനുകളിൽ പരീക്ഷണ വിതരണം നടത്തി യെങ്കിലും നിരവധി സ്ഥലങ്ങളിൽ കരാറുകാരൻ പ്രധാനകുഴൽ വിതരണകുഴലുമായി കൂട്ടിയോജിപ്പിക്കാത്തതും ചില സ്ഥലങ്ങളിൽ പൈപ്പുകൾ പൂർണമായി ഇടാത്തതും കണ്ടെത്തിയതായി പ്രദേശവാസികൾ പറയുന്നു.
വർഷങ്ങൾ വൈകിയതോടെ നെന്മാറ ജല അഥോറിറ്റിയുടെ ജലജീവൻ മിഷൻ ജീവനക്കാരും നിരവധി തവണ സ്ഥലം മാറി. കരാറുകാരൻ പ്രവർത്തിയുടെ ബില്ലുകൾ വാങ്ങി സ്ഥലം വിട്ടു. എന്നാൽ എല്ലാ വീടുകളിലും മീറ്ററുകളും ടാപ്പുകളും സ്ഥാപിച്ചിട്ടും ഇവ വീട്ടുവളപ്പുകളിൽ നോക്കുകുത്തിയായി തുരുമ്പടിച്ച് കിടക്കുകയാണ്.
സാങ്കേതിക തകരാറും ഫണ്ടില്ലാത്തതുമാണ് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയാത്തതെന്ന് അധികൃതർ പറയുന്നു. വേനൽ കടുത്തതോടെ മിക്കയിടത്തും ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.