കുട്ടികളുടെ മാനസികസമ്മർദം കുറയ്ക്കാൻ ആക്്ഷൻ പ്ലാൻ: ബാലാവകാശ കമ്മീഷൻ
1513426
Wednesday, February 12, 2025 6:42 AM IST
പാലക്കാട്: ജില്ലയിലെ ഒരു സ്കൂളുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ കമ്മീഷൻ ഗൗരവമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സ്കൂളിൽ ആക്്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അറിയിച്ചു.
പ്ലാൻ തയാറാക്കി സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ശിശു സംരക്ഷണ ഓഫീസറാകും ആക്്ഷൻപ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കുക.
സ്കൂളുകളിൽ കുട്ടികൾ വളരെയധികം സമ്മർദം അനുഭവിക്കുകയും മയക്കുമരുന്നുലോബികളുടെ ചുഷണത്തിനു അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യം പൂർണമായും ഇല്ലാതാക്കണം.
കുട്ടിയെ സഹായിക്കുന്ന നിലപാടാണ് പ്രസ്തുത സ്കൂൾ അധികൃതർ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പലും മറ്റ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കുശേഷം കമ്മീഷൻ അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പലിന് നേരെയുള്ള ഭീഷണി വീഡിയോ സോഷ്യൽ മീഡിയയിൽനിന്നും നീക്കം ചെയ്യുന്നതിനു കമ്മീഷൻ നടപടി സ്വീകരിക്കും. സ്കൂൾസന്ദർശന യോഗത്തിൽ കമ്മീഷൻ അംഗം കെ.കെ. ഷാജു, സിഡബ്ല്യുസി ചെയർപേഴ്സൺ മോഹനൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എം.ജി. ഗീത, പ്രൊട്ടക്്ഷൻ ഓഫീസർ പ്രഭുലദാസ്, സ്കൂൾ പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.