ജീവശ്വാസത്തിന് സുമനസുകളുടെ സഹായം തേടി അക്സ
1511195
Wednesday, February 5, 2025 2:09 AM IST
മംഗലംഡാം: ശ്വാസകോശ സംബന്ധമായ രോഗത്താൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇരുപത്തിരണ്ടുകാരി അക്സ സുമനസുകളുടെ കാരുണ്യം തേടി എഴുതിയ കത്താണിത്. മരണം തടയാൻ തനിക്ക് അടിയന്തര ശസ്ത്രക്രിയ വേണം. ശ്വാസതടസം മൂലം ഓരോ നിമിഷവും തള്ളി നീക്കാൻ പ്രയാസപ്പെടുകയാണ്. രോഗം മൂർച്ഛിച്ച് തുടർപഠനവും നടത്താനായില്ല. അങ്ങനെ ഏതാനും വരികളെ അക്സയ്ക്ക് എഴുതാനാകുന്നുള്ളൂ. ആ വാക്കുകളിലുണ്ട് അവളുടെ പ്രയാസങ്ങളും വേദനകളുമെല്ലാം. വണ്ടാഴി പഞ്ചായത്തിലെ ചിറ്റടിക്കടുത്ത് ഒടുകൂർ നിവാസിയാണ് അക്സ. കൂലിപ്പണിക്കാരായ രവിയുടെയും ഷീബയുടെയും മകൾ. കുന്നംങ്കോട്ട്കുളം നാല് സെന്റ് കോളനിയിലാണ് ഇവരുടെ താമസം.
അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് അക്സയെ ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. വളരെ അപൂർവമായ രോഗമായതിനാൽ ചികിത്സാ ചെലവുകളും ഭീമമാണ്. ഓപ്പറേഷനു മാത്രം പത്തു ലക്ഷം രൂപ ചെലവുവരും. തുടർന്നുള്ള ചികിത്സകൾക്കും മറ്റുമായി പിന്നെയും പണം വേണം.
നിത്യ ചെലവുകൾക്ക് തന്നെ കഷ്ടപ്പെടുന്ന ഈ കുടുംബത്തിന് ഈ വലിയ തുക കണ്ടെത്താൻ കഴിയില്ല. നാട്ടുകാരാണ് താങ്ങായി ഒപ്പമുള്ളത്. എന്നാൽ ഇത്രയും ഉയർന്ന തുക കണ്ടെത്താൻ പ്രദേശത്തുകാർക്കും കഴിയുന്നില്ല. സുമനസുകളായവർ സഹായിച്ചാൽ മാത്രമെ ഓപ്പറേഷനും മറ്റു അനുബന്ധ ചെലവുകളും തുടർന്നുപോകാനാകൂ.
കുടുംബത്തിന്റെ ദൈന്യസ്ഥിതി അറിഞ്ഞ് ആരെങ്കിലുമൊക്കെ സഹായിക്കാൻ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും. നാട്ടുകാർ സംഘടിച്ച് അച്ഛൻ രവി, ബിജു, റോയ് എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് മംഗലംഡാം ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 16350100067330, ഐഎഫ്എസ്ഇ കോഡ് FDRL 0001635. ഗൂഗിൾ പേ നന്പർ 7902641674 (അക്സ).