70 വർഷം സൈക്കിൾ മെക്കാനിക്കായി ജോലിചെയ്ത അബ്ദുൾ ലത്തീഫ് ഓർമയായി
1510554
Sunday, February 2, 2025 7:28 AM IST
വടക്കഞ്ചേരി: 70 വർഷം സൈക്കിൾ മെക്കാനിക്കായി ജോലിചെയ്ത വടക്കഞ്ചേരി ഗ്രാമം റോഡിൽ തണ്ടപ്പാടം തെന്നമരം അബ്ദുൾ ലത്തീഫ് (93) ഓർമയായി. വാർധക്യസഹജമായഅസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന അബ്ദുൾ ലത്തീഫ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കബറടക്കം ഇന്നലെ നടന്നു. വടക്കഞ്ചേരി പഞ്ചായത്തിലെ മുൻ മെംബറായ അബ്ദുൾ ലത്തീഫ് തന്റെ ആയുസും ആരോഗ്യവും പാവങ്ങളുടെ മാരുതി എന്നറിയപ്പെടുന്ന സൈക്കിളിനൊപ്പമായിരുന്നു.
മുപ്പതോ മുപ്പത്തഞ്ചോ വർഷത്തെ ജോലിക്കു ശേഷം സർക്കാർ സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് വലിയ യാത്രയയപ്പും പരിപാടികളും സംഘടിപ്പിക്കുമ്പോൾ ഇതിന്റെ ഇരട്ടി വർഷം ഒരേ തൊഴിൽ ചെയ്യുക എന്നത് അപൂർവമാണ്. വടക്കഞ്ചേരി ടൗണിൽ മന്ദമൈതാനിയിലാണ് അബ്ദുക്കയുടെ സൈക്കിൾ കട. ഏത് ഗുരുതരാവസ്ഥയിലും അബ്ദുക്കയുടെ കടയിൽ സൈക്കിൾ എത്തിച്ചാൽ മതി മോടിപിടിപ്പിച്ച് മനോഹരമാക്കി തരും.
കുട്ടികളുടെയും പത്രവിതരണക്കാരുടെയും സൈക്കിളുകളാണ് കൂടുതലും അബ്ദുക്കയെ തേടിയെത്തിയിരുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഏത് സൈക്കിൾ പാർട്സുകളും ഇക്കയുടെ കടയിലുണ്ടാകും. പ്രായം തളർത്തുമ്പോഴും സാധിക്കാവുന്ന കാലത്തോളം സൈക്കിളുകളുടെ പ്രിയപ്പെട്ട ഡോക്ടറായി സേവനം തുടരണമെന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം.