പട്ടികവർഗ വിഭാഗത്തിന് വരുമാനവും ജീവിതമാർഗവും ഉണ്ടാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ഒ.ആർ. കേളു
1511193
Wednesday, February 5, 2025 2:09 AM IST
അഗളി: പട്ടികവർഗ വിഭാഗത്തിന് വരുമാനവും ജീവിതമാർഗവും ഉണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി ഒ.ആർ. കേളു. അട്ടപ്പാടി പുതൂർ ഗ്രാമപഞ്ചായത്തിലെ താഴെ ഭൂതയാറിൽ സ്ഥാപിച്ച തേൻ സംസ്കരണ ശാലയുടെയും സഹ്യ ഡ്യൂ ഉത്പന്നത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സെന്റർ ഫോർ മാനേജ്മെന്റ് ഡവലമെന്റ് ട്രൈബൽ മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത് കൃത്യമായ ദീർഘവീക്ഷണത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിയെ ആഴത്തിൽ മനസിലാക്കിയ മറ്റൊരു ജനവിഭാഗം ഉണ്ടാവില്ലെന്നും അത് മനസിലാക്കി തൊഴിലിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മറയൂർ ശർക്കര പോലെ ഗുണമേന്മയിൽ കുറവ് വരാതെ നല്ല രീതിയിൽ തേൻ സംസ്കരിച്ച് വിതരണം ചെയ്യാൻ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ഓർമിപ്പിച്ചു.
ഇടവാണി, വയനാട് ജില്ലയിലെ നൂൽപ്പുഴ, തിരുനെല്ലി പിവിടിജി എസ്ടി സ്വാശ്രയ സംഘങ്ങൾക്ക് നൽകികൊണ്ടാണ് സഹ്യ ഡ്യൂ ഉത്പന്നത്തിന്റെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചത്. എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് മുഖ്യാതിഥിയായി. മരുതി മുരുകൻ, ജ്യോതി അനിൽകുമാർ, രാമമൂർത്തി, കെ. രാജൻ, വി.കെ. സുരേഷ് കുമാർ, കെ.എ. സാദിക്കലി, പി.ജി. അനിൽ, വി.എ. ജംഷീർ, കെ. മുരുകൻ, കാളി, കണ്ണൻ, സുരേഷ് വി.പട്ടിമാളം, രവി, കെ.പഴനി, ജെ. പണലി, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.