പാലപ്പുറം എസ്ആർകെ നഗർ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടി
1510695
Monday, February 3, 2025 1:57 AM IST
ഒറ്റപ്പാലം: പാലപ്പുറം റെയിൽവേ സ്റ്റേഷനു പുറകെ എസ്ആർകെ നഗർ പോസ്റ്റാഫീസും അടച്ചു പൂട്ടി. ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള പോസ്റ്റ് ഓഫീസിനാണ് താഴുവീണത്. ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന നിർമലാനന്ദ സ്വാമികളുടെ പ്രത്യേക താല്പര്യർഥം ആരംഭിച്ച പോസ്റ്റ് ഓഫീസാണ് അടച്ചുപൂട്ടിയത്. ലാഭകരമല്ലെന്ന കാരണത്താലാണ് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടിയത്.
ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ കെട്ടിടത്തിൽ 85 വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന പോസ്റ്റ് ഓഫീസിനാണ് താഴു വീണത്. പാലപ്പുറം ശ്രീരാമകൃഷ്ണ ആശ്രമം സ്ഥാപിച്ച കാലം തൊട്ടു തന്നെ പോസ്റ്റ് ഓഫീസും സ്ഥാപിതമായിരുന്നു. പോസ്റ്റ് ഓഫീസ് വഴിയുള്ള കത്തിടപാടുകൾ നടത്തുന്നവരുടെ എണ്ണത്തിൽ കുറവു വന്നതും അടച്ചുപൂട്ടലിന് കാരണമായി.
ഒരു പോസ്റ്റ് മാസ്റ്ററും രണ്ട് പോസ്റ്റ്മാൻമാരുമടക്കം മൂന്നുപേരാണ് ഇവിടെ ജോലിക്കാരായി ഉണ്ടായിരുന്നത്. ഇവരെ മറ്റ് പോസ്റ്റ് ഓഫീസുകളിലേക്ക് സ്ഥലം മാറ്റിയതായാണ് വിവരം. കേരള നവോത്ഥാനത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച നിർമലാനന്ദ സ്വാമികളാണ് ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അധിപനായി ഉണ്ടായിരുന്നത്.
പാലപ്പുറം ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം സ്റ്റോപ്പ് ഉണ്ടായിരുന്ന തീവണ്ടികളും ഇപ്പോൾ ഇവിടെ നിർത്താതെയാണ് പോകുന്നത്. പാലപ്പുറം റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടിയതാണ് ഇതിന് കാരണം.
ശ്രീരാമകൃഷ്ണാശ്രമത്തിൽ എത്തുന്നവർക്ക് വേണ്ടിയാണ് പ്രധാനമായും അക്കാലത്ത് ഈ റെയിൽവേ സ്റ്റേഷൻ വ്യാഴവട്ടങ്ങൾക്ക് മുമ്പ് ആരംഭിച്ചത്. കേന്ദ്ര ഗവൺമെന്റിന്റെ രണ്ട് സ്ഥാപനങ്ങളാണ് അടുത്തടുത്ത ദിവസങ്ങളിൽ ഇവിടെ അടച്ചുപൂട്ടിയത്.