ഇടതുകനാൽ താത്കാലികമായി അടച്ചു; ഉണക്കുഭീഷണിയിൽ നെൽപ്പാടങ്ങൾ
1511190
Wednesday, February 5, 2025 2:09 AM IST
നെന്മാറ: പോത്തുണ്ടി അണക്കെട്ടിൽ ശേഷിക്കുന്നത് 13 ദിവസം വിതരണത്തിനുള്ള വെള്ളം മാത്രം. ഇടതുകര കനാൽ താത്കാലികമായി അടച്ചു. കനാലിലേക്കുള്ള ഷട്ടർ തകരാർ കാരണം എമർജൻസി ഷട്ടർ ഉപയോഗിച്ചാണ് ഇന്നലെ ഇടതുകര കനാൽ അടച്ചത്. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി അണക്കെട്ടിൽ നിലവിൽ 22.5 അടി വെള്ളമാണ് ശേഷിക്കുന്നത്. 7 മില്യൺ ഘനമീറ്റർ വെള്ളം കുടിവെള്ളത്തിനായി ശേഖരിക്കണമെന്ന് വാട്ടർ അഥോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടതുകരകനാലിൽ അടുത്തഘട്ടം വെള്ളം വിതരണം അഞ്ചുദിവസത്തിനകം ഉപദേശക സമിതി യോഗം ചേർന്ന് തീരുമാനിക്കും. 20 വരെയെങ്കിലും ജലവിതരണം നടത്തിയില്ലെങ്കിൽ ഭൂരിപക്ഷം നെൽപ്പാടങ്ങളും ഉണക്കുഭീഷണിയിലേക്ക് പോകുമെന്ന് വിവിധ പാടശേഖരങ്ങളിലെ കർഷകർ ആശങ്ക പ്രകടിപ്പിച്ചു.
പോത്തുണ്ടി ജലസേചന പദ്ധതിയിൽ കീഴിലുള്ള ബഹുഭൂരിപക്ഷം പാടശേഖരങ്ങളിലും കതിര് നിരക്കുന്നതേയുള്ളൂ. 20 ശതമാനത്തോളം നെൽപ്പാടങ്ങളിൽ മാത്രമാണ് നെല്ല് കതിരു നിരന്നത്. വേനൽ ചൂട് കൂടുതലായതിനാൽ നിലവിലെ സ്ഥിതി അനുസരിച്ച് കൊയ്ത്തിന് 20 ദിവസം മുമ്പ് വരെ നെൽപ്പാടങ്ങളിൽ വെള്ളം ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.