കൗതുകക്കാഴ്ചയായി ഇലന്തിപ്പഴത്തിന്റെ സമൃദ്ധി
1510904
Tuesday, February 4, 2025 1:26 AM IST
കൊല്ലങ്കോട്: ആനമാറി ഒന്നൂർപ്പള്ളം സുരേഷിന്റെ വീട്ടുവളപ്പിലെ മരത്തിൽ ഇലന്തിപ്പഴം നിറഞ്ഞുകായ്ച്ചതു ദൃശ്യവിരുന്നായി. മുൻകാലങ്ങളിൽ ഗ്രാമങ്ങളിലെ വിടുകളിലും നിരത്തുകളിലുമെല്ലാം നിറസാന്നിധ്യമായിരുന്നു ഇലന്തിപ്പഴങ്ങൾ.
നാമാവശേഷമാകുന്ന പഴത്തിന്റെ ഗണത്തിലേക്കു നീങ്ങുകയാണ് ഇലന്തിപ്പഴവും മരവുമെല്ലാം. മുൻകാലങ്ങളിൽ സ്കൂളുകൾക്കുമുന്നിൽ വിൽക്കുമായിരുന്ന ഇലന്തിപ്പഴങ്ങൾ വിദ്യാർഥികൾക്കു ഹരമായിരുന്നു.
നേരിയ പുളിപ്പും മധുരവുമാണ് ഇതിന്റെ രുചി. ഇതിനു ഔഷധമൂല്യമുണ്ടെന്നു നാട്ടുവൈദ്യന്മാരും അവകാശപ്പെടാറുണ്ടായിരുന്നു. നിലവിൽ വനമേഖലയിൽപോലും വിരളമായാണ് ഇലന്തി കാണപ്പെടുന്നത്. ഇപ്പോൾ മാർക്കറ്റുകളിലും മാളുകളിലും ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ബെയർ ആപ്പിൾ എന്ന പേരിൽ ഒരുതരംപഴം വിപണയിലുണ്ട്. ഇലന്തിപ്പഴമെന്നാണ് ഇതിനും വിപണിയിൽ പേര്. ഇതിനു വിലകൂടുതലാണെങ്കിലും രുചിയിൽ യഥാർഥ ഇലന്തിപ്പഴവുമായി പൊരുത്തപ്പെടാറുമില്ല. മുൻകാലങ്ങളിൽ കിഴക്കൻമേഖലയിലെ റോഡരികുകളിൽ സന്പന്നമായിരുന്നു ഇലന്തിമരങ്ങൾ.
പുതുതലമുറക്കാർക്കു ഇതിനെക്കുറിച്ച് വലിയ അറിവൊന്നുമില്ല. എങ്കിലും സുരേഷിന്റെ വീട്ടിലെ ഇലന്തിപ്പഴത്തിന്റെ സമൃദ്ധി കാണാൻ ഒത്തിരിയാളുകളെത്താറുണ്ട്. പഴുത്തുകഴിഞ്ഞാൽ വീട്ടാവശ്യത്തിനെടുത്ത ശേഷം സമീപവാസികൾക്കു നൽകുകയാണ് പതിവെന്നു സുരേഷ് പറഞ്ഞു.