എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണസമ്മേളനം ഇന്ന്
1510698
Monday, February 3, 2025 1:57 AM IST
വടക്കഞ്ചേരി: സംസ്കാര കലാ പൈതൃക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ, ഗായകൻ പി. ജയചന്ദ്രൻ എന്നിവരെ അനുസ്മരിച്ചുള്ള സമ്മേളനം ഇന്ന് വടക്കഞ്ചേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 3. 30ന് വടക്കഞ്ചേരി ടൗണിൽ പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പി. പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. സംസ്കാര പ്രസിഡന്റ് കെ.കെ. ജ്യോതികുമാർ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, സിനിമാ സംവിധായകൻ ഫാറൂക് അബ്ദുൾ റഹ്മാൻ, ഡോ.കെ. വാസുദേവൻ പിള്ള തുടങ്ങിയവർ പ്രസംഗിക്കും. പി.ജയചന്ദ്രന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനമേളയും പിന്നീട് സംഘടിപ്പിക്കും.
കലാ സംസ്കാരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം വച്ച് 350 കുടുംബങ്ങൾ അംഗങ്ങളായുള്ളതാണ് വടക്കഞ്ചേരി കേന്ദ്രീകരിച്ചുള്ള സംസ്കാര കലാപൈതൃക കൂട്ടായ്മ. പത്രസമ്മേളനത്തിൽ സംസ്കാര രക്ഷാധികാരി ഡോ.വാസുദേവൻ പിള്ള, വൈസ് പ്രസിഡന്റ് മോഹനൻ പള്ളിക്കാട്, സെക്രട്ടറി പി.എ. സെബി, എക്സിക്യുട്ടീവ് അംഗം പി.കെ. ബാബു, വി.കൃഷ്ണൻ എന്നിവർ പങ്കെടുത്തു.