തത്രംകാവ് ക്ഷേത്രത്തിൽ മോഷണം: പണവും സ്വർണവും നഷ്ടപ്പെട്ടു
1510551
Sunday, February 2, 2025 7:28 AM IST
കല്ലടിക്കോട്: കാഞ്ഞിക്കുളം തത്രംകാവ് ക്ഷേത്രത്തിലെ ഓഫീസും ഭണ്ഡാരവും കുത്തിതുറന്നു മോഷണം. ക്ഷേത്രത്തിലെ ഓഫീസിൽ വെച്ച 4000 രൂപയും വഴിപാട് ആയി കിട്ടിയ താലി, ചെറിയ ബ്രേസ് ലറ്റ്, കമ്മൽ, ആൾരൂപങ്ങൾ അടക്കം മോഷണം പോയി. പുലർച്ചെ 2.30 യോടെയായിരിന്നു മോഷണം. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി.
രാവിലെ 5.45 യോടെ ക്ഷേത്ര ജീവനക്കാരൻ ചിതംബരൻ ഓഫീസ് റൂം തുറക്കാൻ വന്നപ്പോളാണ് റൂമിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ ക്ഷേത്രം പ്രസിഡന്റ് അനൂപ്കുമാറിനെ അറിയിക്കുകയും തുടർന്ന് നടത്തിയ തെരച്ചിലാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. ഉടനെ പോലീസിൽ അറിയിക്കുകയായിരുന്നു.
അലമാരയും മേശവലിപ്പും കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചു. അലമാരയുടെ ഉള്ളിലെ ലോക്കറും പൊളിച്ച് അതിൽ സൂക്ഷിച്ച പൈസയും സ്വർണങ്ങളും എടുത്തശേഷം അതിൽ സൂക്ഷിച്ച ക്ഷേത്രഭണ്ഡാരത്തിന്റെ താക്കോൽ എടുത്ത് വേറെ ഒരു കമ്പിപ്പാരയും താക്കോലും ഉപയോഗിച്ച് വലിയ ഭണ്ഡാരം തുറന്നത്. തുടർന്ന് ക്ഷേത്രമുറ്റത്തെ ചെറുതും ഉപദൈവങ്ങളുടെ അരികിൽ സ്ഥാപിച്ച മറ്റു രണ്ടു ഭണ്ഡാരങ്ങളും മോഷ്ടാവ് പൊളിച്ചു.
അലമാരയിലെയും ഭണ്ഡാരത്തിലെയും നോട്ടുകൾ എടുത്ത് ചില്ലറ പൈസകൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. ക്ഷേത്രത്തിലെ ക്ലോക്ക് തൊടിയിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. മുഖം മുണ്ട് കൊണ്ട് മറച്ചാണ് മോഷ്ടാവ് ഈ കൃത്യങ്ങൾ ചെയ്തത്. രാവിലെ ഏഴു മണിക്ക് സ്ഥലത്ത് എത്തിയ പോലീസ് പരിശോധനകൾ നടത്തി. ഉച്ചക്ക് ശേഷം വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.