പല്ലശനയിലെ ഗ്രാനൈറ്റ് സ്ഥാപനത്തിൽനിന്നും കരിങ്കല്ലു കയറ്റിയ വാഹനം നാട്ടുകാർ തടഞ്ഞു
1510546
Sunday, February 2, 2025 7:28 AM IST
പല്ലശന: ഗ്രാമപഞ്ചായത്തിലെ രണ്ടാംവാർഡിലെ അണ്ണാക്കോട്, മുരുക്കുളി, മേൽവീട്, തുമ്പിളിങ്കൽ എന്നീ സ്ഥലങ്ങളോട് ചേർന്നുകിടക്കുന്ന പൂതാളികുന്നിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഗ്രാനൈറ്റ് ക്വാറിയിൽ നിന്നും രേഖകളില്ലാതെ കരിങ്കല്ല് കയറ്റിപ്പോയ വാഹനം പഞ്ചായത്ത് അംഗം കെ. അശോകന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.
ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽക്വാറിക്കെതിരെ നാട്ടുകാർ ജില്ലാ കളക്ടർക്കും മറ്റ് അധികാരികൾക്കും പരാതി കൊടുത്തിട്ടും നടപടി ഉണ്ടായിട്ടില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ഈ ഗ്രാനൈറ്റ് സ്ഥാപനത്തിന് നിയമാനുസൃത രേഖകൾ ഇല്ലാതെയാണ് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
നൂറുകണക്കിന് കുടുംബങ്ങൾക്ക് ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുന്നതാണ് കരിങ്കൽക്വാറി. സമീപപ്രദേശത്തെ പലവീടുകൾക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്.രാവിലെ ആറുമുതൽ വൈകുന്നേരം 7 വരെ വലിയ വാഹനങ്ങളിൽ കരിങ്കല്ല് കടത്തുന്നുണ്ട്. ബോർവെല്ലുകളിൽ ജലവിതാനം താഴ്ന്നു. കിണറുകളിലെ വെള്ളം വറ്റി. പ്രദേശത്തു ഇപ്പോൾത്തന്നെ കുടിവെള്ള ക്ഷാമം തുടങ്ങി. അത്യുഗ്ര ശേഷിയുള്ള വെടിമരുന്നുകൾ ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നതെന്ന് പഞ്ചായത്ത് മെംബർ പറഞ്ഞു. പാറപൊട്ടിക്കുന്നതിന്റെ ശബ്ദം കിലോമീറ്ററുകൾ ദൂരെ കേൾക്കുന്നുണ്ട്. ഇതേകുന്നിന്റെ പടിഞ്ഞാറു ഭാഗത്തായി മറ്റൊരു സ്വകാര്യഗ്രാനൈറ്റ് കരിങ്കൽ ക്വാറി നടത്തുവാൻ ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനും അനുമതി കൊടുത്താൽ നൂറുകണക്കിന് കുടുബങ്ങൾ വീടും സ്ഥലവും വിട്ടുപോകേണ്ടി വരും.
നിരവധി കർഷകരുടെ കൃഷിസ്ഥലവും ഇതിനോട് ചേർന്നുകിടക്കുന്നുണ്ട്. കുന്നിടിക്കുന്നതോടെ 80 ഹെക്ടറോളം വരുന്ന കൃഷിയിടവും ഇല്ലാതാവും. ക്വാറിയുടെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സി. ഗോപാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ, എസ്. ശ്രീധരൻ, കെ. അനന്തൻ, കണ്ണപ്പൻ, എ. ചെന്താമര , ആർ. ഇർഷാൻ, സി. കുമാർ, ടി. പ്രകാശ്, ഷിജു എന്നിവർ സമരത്തിന് നേതൃത്വം നൽകി.