കാഞ്ഞിരപ്പുഴയിൽ 50 ഏക്കറില് അമ്യൂസ്മെന്റ് പാർക്ക് വരുന്നു
1510694
Monday, February 3, 2025 1:57 AM IST
കാഞ്ഞിരപ്പുഴ: 161 കോടി രൂപ ചെലവഴിച്ച് അമ്യൂസ്മെന്റ് പാർക്ക് കാഞ്ഞിരപ്പുഴയിൽ നിർമിക്കാൻ സർക്കാർ ഉത്തരവായി. കോഴിക്കോട് മാങ്കാവ് എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാർക്ക് നിർമിക്കുന്നത്. ഈ മാസം തന്നെ നിർമാണം തുടങ്ങുമെന്ന് കെ. ശാന്തകുമാരി എംഎൽഎ പറഞ്ഞു.
കാഞ്ഞിരപ്പുഴ ഡാമുമായി ബന്ധപ്പെട്ട് ടൂറിസം സാധ്യത വികസിപ്പിക്കുന്നതിന് കേരള ഇറിഗേഷൻ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് താത്പര്യപത്രം ക്ഷണിച്ചിരുന്നു. നാല് പ്രൊപ്പോസലുകൾ ലഭ്യമായതിൽ കോഴിക്കോട് മാങ്കാവ് എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നൽകിയ പ്രൊപ്പോസലാണ് അംഗീകരിച്ചത്. കാഞ്ഞിരപ്പുഴ ഡാമുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ 50 ഏക്കർ സ്ഥലത്താണ് അമ്യൂസ്മെന്റ് പാർക്ക് വരുന്നത്. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. 30 വർഷമാണ് പദ്ധതിയുടെ കാലാവധി. മൊത്തം വരുമാനത്തിന്റെ മൂന്ന് ശതമാനം സർക്കാറിന് നൽകുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
അന്തർദേശീയ നിലവാരത്തിൽ നിർമിക്കുന്ന പാർക്കിന് നിലവിലുള്ള ഡാമിന്റെ സംവിധാനവും ഉപയോഗപ്പെടുത്തും. ക്യൂബ, അക്വേറിയം, വാട്ടർ തീം പാർക്ക്, വ്യാപാരസമുച്ചയം, റിസോർട്ടുകൾ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി നിർമിക്കും.
പദ്ധതിക്ക് ആവശ്യമായ വൈദ്യുതി സോളാർ പ്ലാന്റ് വഴി കണ്ടെത്തും. മാലിന്യ സംസ്കരണ പ്ലാന്റും നിർമിക്കും. പദ്ധതി പൂർത്തിയാവുന്നതോടെ കാഞ്ഞിരപ്പുഴയുടെ മുഖച്ഛായ മാറുമെന്നും എംഎൽഎ കാഞ്ഞിരപ്പുഴ ഐബിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. സിദ്ദിഖ് ചേപ്പോടൻ, പി.സി. മാണി, ഒ. നാരായണൻകുട്ടി, എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വി.പി. ഹബീബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.