ആലത്തൂർ പുതിയങ്കത്ത് വസ്ത്ര നിർമാണശാലയ്ക്ക് തീപിടിച്ചു
1510705
Monday, February 3, 2025 1:58 AM IST
ആലത്തൂർ: പുതിയങ്കം പുതുപ്പാളയത്ത് വസ്ത്രനിർമാണശാലയ്ക്ക് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കെ ആൻഡ് ക്യൂ ഫാഷൻ എന്ന ടൈലറിംഗ് യൂണിറ്റ് വസ്ത്രശാലയിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. തൊട്ടടുത്തുള്ള കടക്കാരും വീട്ടുകാരുമാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു. കെട്ടിടം ഭാഗികമായും റംസാൻ, ഉത്സവ വിപണി ലക്ഷ്യമാക്കി തയാറാക്കിയ വസ്ത്രങ്ങളും തയ്യൽ മെഷീനറികളും പൂർണമായും കത്തിനശിച്ചു.
ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ എരിമയൂർ ചുള്ളിമട സ്വദേശി പ്രജിത ഫയർഫോഴ്സിനോട് പറഞ്ഞു. അഞ്ച് വർഷമായി ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച സ്ഥാപനത്തിന് അവധിയായിരുന്നു. സമീപത്തെ വീട്ടിലേക്ക് തീ പടർന്നെങ്കിലും ഫയർഫോഴ്സ് കെടുത്തി.