വീട് പൊളിക്കുന്നതിനെതിരേ താലൂക്ക് സമിതിയിൽ വിമർശനം
1510548
Sunday, February 2, 2025 7:28 AM IST
അഗളി: പിഎംഎവൈ (ജി ) ലൈഫ് ഭവന പദ്ധതി തുടങ്ങിയവയിലെ ഗുണഭോക്താക്ക് വീട് അനുവദിക്കുന്നതിന് നിലവിൽ താമസിക്കുന്ന വീട് പൊളിക്കണം എന്നുള്ള ഉത്തരവിനെതിരെ താലൂക്ക് സമിതിയിൽ കടുത്ത വിമർശനം ഉയർന്നു. അട്ടപ്പാടി പോലുള്ള വനമേഖലകൾ ധാരാളമുള്ള പ്രദേശത്ത് ഇത്തരം നടപടികൾ പ്രായോഗികമല്ല.
ആനയുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ആക്രമണത്തിൽ നിരവധി ആളുകൾ അട്ടപ്പാടിയിൽ മരിച്ചിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രദേശങ്ങളിൽ വീട് പൊളിച്ചു ഷെഡ് വെക്കണമെന്ന് പറയുന്നത് ജനത്തെ കൊലയ്ക്ക് കൊടുക്കുന്നതിനു തുല്യമാണ്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരാണ് ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾ.അവരെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണ് സർക്കാരിന്റെ ഇത്തരത്തിലുള്ള നടപടികൾ.
നാല് ലക്ഷം രൂപ മാത്രമാണ് ലൈഫ് പദ്ധതിയിൽ ലഭിക്കുന്നത്. നിലവിലുള്ള വീട് പൊളിച്ച് ഷെഡ് വെക്കുമ്പോൾ ഒരു ലക്ഷം രൂപയെങ്കിലും ഗുണഭോക്താവിന് അധിക ചെലവ് വരും. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ഗുണഭോക്താക്കളെ ദ്രോഹിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ നിലവിലുള്ള വീട് പൊളിക്കണം എന്നുള്ള നിർദ്ദേശം പിൻവലിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം ഷിബു സിറിയക് ആവശ്യപ്പെട്ടു.