പച്ചചക്ക ഉത്തരേന്ത്യൻ വിപണിയിലേക്ക്
1511192
Wednesday, February 5, 2025 2:09 AM IST
നെന്മാറ: ഗ്രാമീണമേഖലയിലെ ചക്കയ്ക്ക് നല്ല കാലം. നാട്ടിൻപുറങ്ങളിലും മലയോരമേഖലയിലും ചക്ക കായ്ച്ചു തുടങ്ങിയതോടെ ചക്ക വിപണിയും സജീവമായി. മൂപ്പ് എത്താത്ത ചക്കയ്ക്കാണ് കച്ചവടക്കാർ നാട്ടിൻപുറങ്ങളിൽ എത്തുന്നത്. രണ്ട് കിലോയോളം വലിപ്പം വരുന്ന ഇടിച്ചക്ക പരുവത്തിലുള്ള ചക്കയ്ക്ക് 20 രൂപ കണക്കാക്കിയാണ് വ്യാപാരികൾ ചക്ക വാങ്ങുന്നത്.
വലിപ്പം കൂടുന്നതിന് ആനുപാതികമായ വിലയും കൂട്ടി നൽകുന്നുണ്ട്. കച്ചവടക്കാർ തന്നെ പ്ലാവുകളിൽ കയറി വെട്ടിയിറക്കി ആണ് കൊണ്ടു പോകുന്നത്. ഉടമകൾക്ക് പ്രത്യേക അധ്വാനമില്ലാതെ ലഭിക്കുന്ന ആദായമായതിനാൽ വ്യാപാരികൾ പറയുന്ന വിലക്ക് വീട്ടുകാർ ചക്ക നൽകുകയാണ് ചെയ്യുന്നത്. പൂർണവളർച്ചയെത്താത്ത ഏതു ഇനം ചക്കയും ഇവർ സംഭരിക്കുന്നുണ്ട്. ഇതുമൂലം മധുരം ഇല്ലാത്തവ, കൂഴച്ചക്ക, വരിക്ക തുടങ്ങി പഴത്തിന് ഉപയോഗിക്കാൻ പറ്റാത്ത ചക്കയ്ക്കുവരെ ആവശ്യക്കാരായി. കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മയിൽ, കാക്ക തുടങ്ങിയവ മൂലം ഉണ്ടാകുന്ന ശല്യവും പച്ചച്ചക്ക പറിച്ചുനീക്കുന്നതോടെ ഒഴിയുന്നുണ്ടെന്നും മലയോരമേഖലയിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ മൂലമുള്ള നാശത്തിനും ഒരു പരിധിവരെ പരിഹാരമാകുന്നുണ്ടെന്ന് കർഷകർ പറയുന്നു.
നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പുകളിലെ ഇടിച്ചക്കയുടെ ആവശ്യം കഴിഞ്ഞാൽ, കന്നുകാലികൾക്ക് തീറ്റയാക്കി വെട്ടി കൊടുക്കാറാണ് പതിവ്. വലിയ മരങ്ങളിൽ കയറി പഴുക്കാറായ ചക്ക കേടുകൂടാതെ താഴെയിറക്കാനും കൂടുതൽ അധ്വാനം വരുന്നതിനാൽ മിക്കയിടത്തും ചക്ക പാഴാവുകയാണ് ചെയ്തിരുന്നത്. സാധാരണ പഴുത്ത ചക്ക വ്യാപാരികൾ അയൽസംസ്ഥാനത്ത് വിപണി ലക്ഷ്യമാക്കി കൊണ്ടുപോയാലായി എന്ന സ്ഥിതിയാണ്. പെട്ടി ഓട്ടോറിക്ഷ പോലെയുള്ള ചെറു വാഹനങ്ങളിൽ മരം കയറുന്ന ആളെയും കൂട്ടിയാണ് നാട്ടിൻപുറങ്ങളിൽ പച്ചചക്കയ്ക്കായി വ്യാപാരികൾ എത്തുന്നത്. പഴുക്കാറായ ചക്ക ഒഴിവാക്കിയാണ് വ്യാപാരികൾ ചക്ക സംഭരിക്കുന്നത്. തീരെ ചെറിയ ചക്കകൾ മരത്തിൽ തന്നെ നിർത്തി ആഴ്ചകൾക്ക് ശേഷം വീണ്ടും വന്നു സംഭരിക്കുന്നുമുണ്ട്.
വടക്കഞ്ചേരി കേന്ദ്രമായുള്ള മൊത്തകച്ചവടക്കാർക്ക് പ്രാദേശികമായി സംഭരിക്കുന്ന ചക്കകൾ ചെറുകിടവ്യാപാരികൾ വേബ്രിഡ്ജ് തൂക്കത്തിനാണ് നൽകുന്നത്. വടക്കഞ്ചേരിയിൽ നിന്നും ദിവസവും മൂന്നും നാലും ലോറി ചക്കയാണ് തമിഴ്നാട്, പൂനെ, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത്. പച്ചചക്ക പൊടിച്ച് ഉണക്കപ്പൊടിയായും, ചില ഭക്ഷ്യ പദാർഥങ്ങളിലേക്കും, പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കാനുമാണ് ഉപയോഗിക്കുന്നത്. നാലഞ്ചു വർഷങ്ങളായി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള പച്ചചക്കയുടെ ആവശ്യം അധികരിച്ചത് ഗ്രാമീണമേഖലയിലും ചെറുകിടകച്ചവടക്കാർക്കും നേട്ടമായി. തമിഴ്നാട്ടിലെ ബണ്ടുരുട്ടി മേഖലയിൽ ചക്ക പ്ലാന്റേഷനുകളായി കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇനിയും മാസങ്ങൾ കഴിഞ്ഞേ വിളവെടുപ്പിന് പാകമാകൂ.