എ സോൺ കലോത്സവം: വിക്ടോറിയയ്ക്ക് കലാകിരീടം
1510700
Monday, February 3, 2025 1:57 AM IST
മണ്ണാർക്കാട്: നെല്ലിപ്പുഴ നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിൽ കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവന്ന കാലിക്കട്ട് സർവകലാശാലാ എ സോൺ കലോത്സവത്തിൽ 274 പോയിന്റ് നേടി പാലക്കാട് ഗവ. വിക്ടോറിയ കോളജ് ഒന്നാമതെത്തി. അവസാനദിനം രണ്ടാം സ്ഥാനത്തിന് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 121 പോയിന്റ് നേടിയ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് രണ്ടാംസ്ഥാനവും 116 പോയിന്റുമായി ചിറ്റൂർ ഗവ. കോളജ് മൂന്നാം സ്ഥാനവും നേടി.
വിക്ടോറിയ കോളജിലെ സ്വാതി പുല്ലാനിക്കാട് കലാതിലകപട്ടവും വിക്ടോറിയയിലെതന്നെ എ.പി. ആദിത്യ കൃഷ്ണൻ കലാപ്രതിഭാപട്ടവും കരസ്ഥമാക്കി. ഉർദു- ഹിന്ദി രചനകളിലൂടെ തിളങ്ങിയ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ മുഹമ്മദ് സിഷാൻ ആണ് സാഹിത്യ പ്രതിഭ. വിക്ടോറിയ കോളജിലെ പത്മശ്രീയാണ് ചിത്രപ്രതിഭ. കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് മെംബർ ഡോ.പി. റഷീദ് അഹമ്മദാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗിരീഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. കാലിക്കട്ട് സർവകലാശാലാ യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ വിക്ടോറിയ കോളജിന് ഓവറോള്‍ കിരീടം സമ്മാനിച്ചു.