നെന്മാറയിൽ ഡിജിറ്റൽ ക്രോപ്പ് സർവേ തുടങ്ങി
1510912
Tuesday, February 4, 2025 1:26 AM IST
നെന്മാറ: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ കൃഷിയിടത്തെയും വിളകളെ സർവേ നടത്തുന്ന ഡിജിറ്റൽ ക്രോപ്പ് സർവേയ്ക്ക് നെന്മാറ കൃഷി ഭവനിൽ തുടക്കമായി.
മുഴുവൻ കർഷകരുടെയും കാർഷിക മേഖലയുടെയും സമഗ്രമായ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ക്രോപ് സർവെയർമാർ ജിയോ ഫെൻസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേപ്ലോട്ടിൽ നിന്നുതന്നെ കാർഷിക വിവരശേഖരണം നടത്തി.
ഓരോ സർവേ നമ്പരിലുള്ള ഭൂമി കൃഷി ഭൂമിയാണോ തരിശു ഭൂമിയാണോ കാർഷികേതര ആവശ്യങ്ങൾക്കാണോ ഉപയോഗിക്കുന്നത് എന്ന് മൊബൈൽ ആപ്പ് വഴി ശേഖരിക്കുന്ന സമഗ്ര കാർഷിക വിവര ശേഖരണ പദ്ധതിയാണ് ഡിജിറ്റൽ ക്രോപ് സർവെ. വിളകളുടെ തത്സ്ഥിതി വിവരങ്ങൾ ലഭ്യമായി കഴിഞ്ഞാൽ അർഹരായ കർഷകർക്ക് വിവിധ സംസ്ഥാന, കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ, സേവനങ്ങൾ എന്നിവ കൃത്യതയോടെ നൽകാനും വിവിധ സ്ഥാപനങ്ങൾക്ക് ഡാറ്റ ലഭ്യമാക്കുന്നത് വഴി കാർഷിക ഉത്പന്നങ്ങളുടെ ശേഖരണം, മൂല്യവർധനം, വിപണനം, കയറ്റുമതി എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുമെന്ന് നെന്മാറ കൃഷി ഓഫീസർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ വല്ലങ്ങി നെല്ലിപ്പാടം പാടശേഖര സമിതിയിലെ വി. വിവേകിന്റെ നെൽവയൽ സർവേ നടത്തി ഉദ്ഘാടനം നിർവഹിച്ചു.