കുളപ്പുള്ളി- പട്ടാമ്പി പാതയിലെ കൈയേറ്റം ഒഴിപ്പിക്കൽ തുടരുന്നു
1511189
Wednesday, February 5, 2025 2:09 AM IST
ഷൊർണൂർ: കുളപ്പുള്ളി- പട്ടാമ്പി റോഡ് നവീകരണത്തിന്റെ ഭാഗമായി പട്ടാമ്പി നഗരത്തിലേതടക്കമുള്ള കൈയേറ്റമൊഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നതായി അധികൃതർ.
നിലവിൽ സർവേ പൂർത്തിയായി. രൂപരേഖ തയാറാക്കുന്ന മുറയ്ക്ക് ഒഴിപ്പിക്കൽ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പട്ടാമ്പി താലൂക്ക് വികസനസമിതി യോഗത്തിൽ അറിയിച്ചു. താലൂക്ക് പരിധിയിലെ റീസർവേ ഡിജിറ്റൽസർവേ നടപടികൾ പുരോഗമിക്കുന്നതായും പരാതിയുള്ളവർ പോർട്ടൽവഴി പരിശോധിക്കണമെന്നും അധികൃതർ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി. നിള ആശുപത്രി- ഷൊർണൂർ ഐപിടി റോഡ് നിർമാണം പുരോഗമിക്കുന്ന സമയത്ത് പട്ടാമ്പിയിലെ ഗതാഗതക്കുരുക്കൊഴിവാക്കാൻ പട്ടാമ്പി പടിഞ്ഞാറേ റെയിൽവേകമാനം ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യമുയർന്നു. വി.കെ. ശ്രീകണ്ഠൻ എംപിയുടെ പ്രതിനിധി കെ.ആർ. നാരായണസ്വാമിയാണ് ഇക്കാര്യം ഉന്നയിച്ചത്.
ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് താലൂക്കാശുപത്രി ഭാഗത്തേക്ക് ഫ്ലൈ ഓവർ നിർമിക്കാൻ ധനകാര്യവകുപ്പ് മന്ത്രിയോട് ബജറ്റിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഹമ്മദ് മുഹ്സിൻ യോഗത്തിൽ അറിയിച്ചു. നഗരത്തിലെ തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യമുയർന്നു.
നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.കെ. അബ്ദുൾ ലത്തീഫ്, രതി ഗോപാലകൃഷൻ, എം.കെ. ബേബിഗിരിജ, തഹസിൽദാർ ടി.പി. കിഷോർ, ഭൂരേഖാ തഹസിൽദാർ ഗിരിജാദേവി എന്നിവരും പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.