വിവിധ പള്ളികളിൽ തിരുനാൾ ആഘോഷം
1510702
Monday, February 3, 2025 1:57 AM IST
കാഞ്ഞിരപ്പുഴ സെന്റ് തോമസ്
കാഞ്ഞിരപ്പുഴ: സെന്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി. കാനഡ മിസിസാഗാ രൂപതയിലെ ഫാ. ജോർജ് തുരുത്തിപ്പിള്ളിൽ തിരുനാൾ കൊടിയേറ്റ് നടത്തി വിശുദ്ധ കുർബാനയർപ്പിച്ചു. ഇടവക വികാരി ഫാ. ബിജു കല്ലിങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. നിവില്‍ തെക്കൻ, ഫാ. ബെർണാണ്ടോ കുറ്റിക്കാടൻ തുടങ്ങിയവർ സഹ കാർമികരായിരുന്നു.
വരും ദിവസങ്ങളിൽ വിവിധ വൈദികരുടെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ലദീഞ്ഞും നടക്കും. 9 ന് യാക്കര ഹോളി ട്രിനിറ്റി ചർച്ച് വികാരി ഫാ. ഷിജോ മാവറയിലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും കുരിശടി ചുറ്റി പ്രദക്ഷിണവും നടക്കും. 10ന് പരേതർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയോടെ തിരുനാൾ തിരുകർമങ്ങൾക്ക് സമാപനമാകും.കൈക്കാരൻമാരായ ഷിന്റോ മാവറയിൽ, ജെക്കോ പോൾ പൂവത്തിങ്കൽ, ജനറൽ കൺവീനർ ലിജു ഓലിക്കൽ, മറ്റ് തിരുനാൾ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
കൊടുന്തിരപ്പുള്ളി വിമലഹൃദയ
പാലക്കാട്: കൊടുന്തിരപ്പുള്ളി വിമലഹൃദയ പള്ളിയിൽ തിരുനാൾ ആഘോഷിച്ചു. ഇന്നലെ നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് കല്ലേപ്പുള്ളി സെന്റ് മേരീസ് പള്ളി വികാരി ഫാ. അൽജോ കുറ്റിക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. അകമലവാരം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.ജെയ്ജു കൊഴുപ്പക്കളം തിരുനാൾ സന്ദേശം നൽകി. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് കൊടുന്തിരപ്പുള്ളി ജംഗ്ഷനിലേക്ക് പ്രദക്ഷിണവും ബാൻഡ്മേളവും നടത്തി. തിരുനാളാഘോഷങ്ങൾക്ക് വികാരി ഫാ. എബിൻ കുളന്പിൽ, കൈക്കാരൻമാരായ ജോയ്സണ്‍ മുട്ടത്ത്, സേവ്യർ ചിറയ്ക്കൽ, കണ്‍വീനർ അലക്സ് പുലിക്കോട്ടിൽ, ജോയിന്റ് കണ്‍വീനർ ബേബി സെബാസ്റ്റ്യൻ നേതൃത്വം നൽകി.
വടക്കഞ്ചേരി ലൂർദ്മാതാ
വടക്കഞ്ചേരി: ലൂർദ്മാതാ ഫൊറോന പള്ളിയിലെ തിരുനാളിന് സമാപനമായി. ഇന്നലെ വൈകുന്നേരം നടന്ന തിരുനാൾ കുർബാനക്കും തുടർന്ന് ടൗൺ ചുറ്റി നടന്ന തിരുനാൾ പ്രദക്ഷിണത്തിനും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാ. ജെയ്സൺ കൊള്ളന്നൂർ കുർബാനക്ക് കാർമികനായി. റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ സന്ദേശം നൽകി. പ്രദക്ഷിണത്തിനു ശേഷം ആശീർവാദം, ആകാശവിസ്മയം, ബാൻഡ് മേളം എന്നിവയുണ്ടായി. ഇന്ന് രാവിലെ 6. 30ന് പരേതർക്കായുള്ള കുർബാന, ഒപ്പീസ് എന്നിവയോടെ തിരുനാളിന് സമാപനമാകും.
വികാരി ഫാ. അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. റ്റിബിൻ കരോട്ടുപുള്ളുവേലിപാറയിൽ, കൈക്കാരന്മാരായ ജോസ് വർഗീസ് ചുക്കനാനിക്കൽ, ജെയിംസ് ലൂക്കോസ് പൂതക്കുഴി, ജനറൽ കൺവീനർ ടെന്നി അഗസ്റ്റിൻ തുറുവേലിൽ, ജോയിന്റ് കൺവീനർ എലിസബത്ത് സേവ്യർ ചിരിയങ്കണ്ടത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
കഞ്ചിക്കോട് ഗുഡ് ഷെപ്പേർഡ്
പാലക്കാട്: കഞ്ചിക്കോട് ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ഇടവക തിരുനാൾ സമാപിച്ചു. ഇന്നലെ വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ഷൈജു നടുവത്താനിയിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോയ് കിഴക്കേടത്ത് തിരുനാൾ സന്ദേശം നൽകി. വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ട് കഞ്ചിക്കോട് ജംഗ്ഷനിലേക്ക് തിരുനാൾ പ്രദക്ഷിണം നടന്നു. ബാൻഡ്മേളവും ഉണ്ടായിരുന്നു.
വികാരി ഫാ. തോം കിഴക്കേടത്ത് തിരുനാൾ പതാക ഉയർത്തിയാണ് തിരുനാളിന് ആരംഭം കുറിച്ചത്. ശനിയാഴ്ച ഇടവകദിനമായി ആഘോഷിച്ചു. ഫാ. ജെയിംസ് ചക്യത്ത് കുർബാന അർപ്പിച്ച് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. തോം അധ്യക്ഷത വഹിച്ചു. അസീസി സന്യാസിനി സമൂഹത്തിന്റെ ബാംഗ്ലൂർ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി ചുമതലയേറ്റ സിസ്റ്റർ റോസ്ബെലിനെ അനുമോദിച്ചു.
സന്തോഷ് കാവാലം, സിസ്റ്റർ റോസ്ബെൽ, ജോസഫ് നാരകംതറയിൽ, ഫാ. ജിബിൻ കണ്ടത്തിൽ, ജോർജ് കൂടംപറന്പിൽ പ്രസംഗിച്ചു. വിവാഹ ജൂബിലി ആഘോഷിക്കുന്നവരെയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും ആദരിച്ചു. കലാവിരുന്നും സ്നേഹവിരുന്നും നടന്നു. ഇന്ന് രാവിലെ ഇടവകയിലെ വൈദികരുടെ കാർമികത്വത്തിൽ നടക്കുന്ന പരേതർക്ക് വേണ്ടിയുള്ള കുർബാനയോടെ തിരുനാൾകൊടിയിറങ്ങും.വികാരി ഫാ. തോം കിഴക്കേടത്ത്, സഹവികാരി ഫാ. ജിബിൻ കണ്ടത്തിൽ, കൈക്കാര·ാരായ ജോസഫ് നാരകത്തറയിൽ, ജോർജ് കൂടംപറന്പിൽ, തിരുനാൾ കണ്‍വീനർമാരായ ജോസഫ് ആനക്കോട്ടിൽ, മജേഷ് പള്ളിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരുനാൾ ആഘോഷ പരിപാടികൾ.
ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ്
അഗളി: ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇന്നലെ രാവിലെ എട്ടിന് ഇടവക വികാരി ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കിൽ തിരുനാൾ കൊടിയുയർത്തി. ഇന്ന് വൈകുന്നേരം 4. 30ന് ഫാ. മാർട്ടിൻ ഏറ്റുമാനൂർക്കാരന്റെ നേതൃത്വത്തിൽ തിരുനാൾ തിരുക്കർമങ്ങൾ.
ഇടവക വികാരി ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കിൽ, അസിസ്റ്റന്റ് ഫാ. സൈമൺ പൊള്ളന്നൂർ, കൈക്കാരന്മാരായ മത്തായി ഊട്പുഴയിൽ, ഷിബിൻ കുരുവിലംകാട്ടിൽ, തിരുനാൾ കൺവീനർ ക്രിസ്റ്റഫർ കൈതക്കുഴിയിൽ, ഷിനോജൻ കുരുവിലംകാട്ടിൽ, ജോയിന്റ് കൺവീനർ സെറിൻ ചാക്കോ അറക്കാമ്പറമ്പിൽ നേതൃത്വം നൽകും.