14 വർഷത്തെ കാത്തിരിപ്പിനുശേഷം സർക്കാർ കമ്യൂണിറ്റി കോളജിനു സ്വന്തം കെട്ടിടമാകുന്നു
1510913
Tuesday, February 4, 2025 1:26 AM IST
വടക്കഞ്ചേരി: 14 വർഷം നീണ്ട കാത്തിരിപ്പിനു ശേഷം സർക്കാർ കമ്യൂണിറ്റി കോളജിന് സ്വന്തം കെട്ടിടം എന്ന സ്വപ്നം യഥാർഥ്യമാകുന്നു. അടുത്ത അധ്യയനവർഷംമുതൽ വടക്കഞ്ചേരിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കോളജും ടൗണിൽ മറ്റൊരു വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടും സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
കണക്കൻതുരുത്തി റോഡിൽ മണ്ണാംപറമ്പിൽ നിർമാണം നടക്കുന്ന കോളജ് കെട്ടിടം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദേഹം. മാർച്ച് 31 നകം കോളജ് കെട്ടിടത്തിന്റെയും ഹോസ്റ്റലിന്റെയും നിർമാണം പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദേശം നല്കി. 2012 ലാണ് കേരളത്തിലെ തന്നെ ഏക കമ്യൂണിറ്റി കോളജ് വടക്കഞ്ചേരിയിൽ പ്രവർത്തനം തുടങ്ങിയത്.സ്ഥലം എംഎൽഎയായിരുന്ന എ.കെ.ബാലന്റെ ശ്രമഫലമായാണ് കോളജ് വന്നത്.
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷനിസ്റ്റ് എന്ന കോഴ്സാണ് ഇവിടെയുള്ളത്. പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് മുൻഗണന നൽകിയാണ് പ്രവേശന നടപടികൾ.
2018 ജൂൺ 16ന് അന്നത്തെ പട്ടികജാതി-പട്ടികവർഗ വകുപ്പു മന്ത്രിയായിരുന്ന എ.കെ. ബാലൻ മണ്ണാംപറമ്പിൽ കോളജ് കെട്ടിടത്തിനായി ശിലാസ്ഥാപനം നടത്തി.
എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ഇടക്ക് നിർത്തിവച്ചും തുടങ്ങിയുമാണ് ഇപ്പോൾ കെട്ടിട നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തിയിട്ടുള്ളത്.
റവന്യു വകുപ്പ് അനുവദിച്ച 75 സെന്റ് സ്ഥലത്താണ് കോളജ് കെട്ടിടവും ഹോസ്റ്റൽ കെട്ടിടവും പൂർത്തിയാകുന്നത്. നിലവിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജ് കെട്ടിടവും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും മന്ത്രി സന്ദർശനം നടത്തി.
പി.പി. സുമോദ് എംഎൽഎ യും മറ്റു വകുപ്പുതല ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഏഴര കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം യാഥാർഥ്യമായത്.