കാരക്കാട്- കൊണ്ടയൂർ പാലം യാഥാർഥ്യമാകുന്നു
1510906
Tuesday, February 4, 2025 1:26 AM IST
ഷൊർണൂർ: കാരക്കാട്- കൊണ്ടയൂർ പാലം യാഥാർഥ്യമാകുന്നതിൽ പ്രതീക്ഷയോടെ തൃശൂർ, പാലക്കാട് ജില്ലക്കാർ. ഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാടിനെയും തൃശൂർ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിനാണ് ഒരുക്കമാവുന്നത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പട്ടാമ്പി, ചേലക്കര എംഎൽഎമാരുടെ സംയുക്ത യോഗം ചേർന്നു. ഭാരതപ്പുഴയ്ക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് വഴി തൃശൂർ ജില്ലയിലെ പ്രോജക്ടായിട്ടാണ് പദ്ധതി നടപ്പാക്കുക.
നിലവിൽ പട്ടാമ്പി, ഓങ്ങല്ലൂർ മേഖലയിലുള്ളവർക്ക് ദേശമംഗലം ഭാഗത്തേക്ക് എത്തണമെങ്കിൽ ഏറെ സഞ്ചരിക്കേണ്ടതുണ്ട്. ഷൊർണൂർ വഴിയും, കൂട്ടുപാത, ചെറുതുരുത്തി വഴിയും തൃശൂർ മെഡിക്കൽ കോളജിലേക്കും മറ്റുമുള്ള ആശുപത്രി സേവനങ്ങൾക്ക് ആംബുലൻസടക്കമുള്ള വാഹനങ്ങൾ വേഗത്തിലെത്തിക്കാനുമാകും.
നിർദിഷ്ട കുറ്റിപ്പുറം-ഷൊർണൂർ തീരദേശപാത യാഥാർഥ്യമായാൽ പട്ടാമ്പിമുതൽ ചെങ്ങണാംകുന്നുവരെയുള്ള പാതയുടെ വീതികൂടുന്നതും ഇരുജില്ലകളിലേക്കുമുള്ള ഗതാഗതസൗകര്യം കൂട്ടും.
ഇതിനുപുറമേ നിലവിലുള്ള റെയിൽവേ അടിപ്പാതയ്ക്ക് അടുത്തുതന്നെ മറ്റൊരു അടിപ്പാതയും നിർമിക്കും. ഇതിനായി 15 കോടി രൂപ റെയിൽവേയ്ക്ക് അനുവദിക്കും.
കാരക്കാട് പ്രദേശത്ത് റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിലും ബസ് സർവീസില്ലാത്തത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പാലം യാഥാർഥ്യമായാൽ കൂടുതൽ യാത്രാസൗകര്യവും വികസനവും വരുമെന്നാണ് പ്രതീക്ഷ.