മീനാക്ഷിപുരം ബസ് സ്റ്റാൻഡ് നവീകരിച്ചില്ല; യാത്രക്കാർ ദുരിതത്തിൽ
1510696
Monday, February 3, 2025 1:57 AM IST
ചിറ്റൂർ: പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ മീനാക്ഷിപുരം ബസ് സ്റ്റാൻഡ് കെട്ടിടം തകർന്ന് വർഷം നാലു കഴിഞ്ഞിട്ടും പുനർനിർമാണം വൈകുന്നതിൽ ജനകീയ പ്രതിഷേധം വ്യാപകം. കെട്ടിടം പൊളിച്ചു പണിയുമെന്ന് രണ്ടു വർഷം മുന്പ് നോട്ടീസ് നൽകി മിക്ക വ്യാപാര സ്ഥാപനങ്ങളേയും ഒഴിപ്പിച്ചു. ഉടൻ പുനർനിർമാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഒന്നര വർഷം പിന്നിട്ടു.
തമിഴ്നാടിന്റെത് ഉൾപ്പെടെ 30 ബസുകൾ നിത്യേന സ്റ്റാൻഡിലെത്തി മടങ്ങുന്നുണ്ട്. എന്നാൽ സ്റ്റാൻഡിനകത്ത് നിൽക്കാൻ സ്ഥലമില്ലാത്തതിനാൽ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ സ്ത്രീകളും മറ്റു യാത്രക്കാരും റോഡരികിലെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലാണ് ബസ് കാത്തുനിൽക്കുന്നത്. വേനൽ ശക്തമായതോടെ പ്രദേശത്ത് കൊടുംചൂടും അനുഭവപ്പെടുന്നുണ്ട് . തത്തമംഗലം, അത്തിമണി, വണ്ടിത്താവളം, കന്നിമാരി, പ്ലാച്ചിമട ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നും പൊള്ളാച്ചിയിലേക്കുള്ള യാത്രക്കാർ മീനാക്ഷിപുരംസ്റ്റാൻഡിലിറങ്ങിയാണ് തമിഴ്നാട് സർവീസ് ബസിൽ കയറുന്നത്.
സ്റ്റാൻഡിനകത്ത് യാത്രക്കാർ എത്താത്തതിനാൽ ബസുകൾ റോഡരികിലെ മരത്തണലിൽ നിർത്തി പുറപ്പെടുന്ന സമയത്താണ് സ്റ്റാൻഡിലെത്തുന്നത്. വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിച്ചതോടെ വാടകയിനത്തിൽപഞ്ചായത്തിനു ലഭിച്ചിരുന്ന വരുമാനവും നിലച്ചിരിക്കുകയാണ്. കൊടുവായൂർ -പൊള്ളാച്ചി അന്തർസംസ്ഥാന പാതയെന്നതിനാൽ സർവീസ് ബസുകൾക്ക് പുറമെ വിനോദ-തീർഥാടന വാഹനങ്ങളും ചരക്കുലോറികളും ഓടുന്നതിനാൽ യാത്രക്കാർ റോഡരികിൽ ബസ് കാത്തുനിൽക്കുന്നത് തീർത്തും സുരക്ഷയില്ലാതെയാണ്.