തോടുകൾക്കു സംരക്ഷണഭിത്തി കെട്ടാൻ പദ്ധതികളില്ലെന്നു എംഎൽഎ
1511186
Wednesday, February 5, 2025 2:09 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ തോടുകൾക്ക് സംരക്ഷണഭിത്തി കെട്ടുന്നതിന് ബജറ്റിൽ പദ്ധതിയുൾപ്പെടുത്തിയിട്ടില്ലെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ കെ. പ്രേംകുമാർ എംഎൽഎ. ബജറ്റിൽ പദ്ധതി നിർദേശങ്ങൾ പലതുമുണ്ടാകും. അവ പദ്ധതിയായി വരണമെന്നില്ലന്നും എംഎൽഎ പറഞ്ഞു.
20 ശതമാനം തുക വകയിരുത്തിയവയ്ക്കാണ് ഭരണാനുമതി കിട്ടുക. അങ്ങനെ കണ്ണിയംപുറംതോട് ഭിത്തികെട്ടൽപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും എംഎൽഎ വ്യക്തമാക്കി.
തോടിന് ഭിത്തികെട്ടാത്തതുമൂലം ശാന്തിനഗർ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിലേക്ക് മഴക്കാലത്ത് വെള്ളംകയറുന്നത് പതിവാണ്.
അന്പതോളം വീടുകളിലാണ് സ്ഥിരമായി വെള്ളം കയറാറുള്ളത്. ഭിത്തികെട്ടലിന് പദ്ധതിയെങ്കിലുമുണ്ടെന്ന് പ്രദേശവാസികൾ പ്രതീക്ഷയിലിരിക്കുമ്പോഴാണ് അങ്ങനെയൊന്നില്ലെന്നു എംഎൽഎ അറിയിക്കുന്നത്. അടച്ചുറപ്പുള്ള കൂടുകളില്ലാത്തതുമൂലം വന്ധ്യംകരണത്തിനായെത്തിക്കുന്ന തെരുവുനായ്ക്കൾ ചാടിപ്പോകുന്നതായി യോഗത്തിൽ പരാതി ഉയർന്നു.
ഒറ്റപ്പാലം വെറ്ററിനറി പോളി ക്ലിനിക്കിലെ അവസ്ഥയാണ് ഒറ്റപ്പാലം താലൂക്ക് വികസനസമിതി യോഗത്തിൽ ഡോ. ദീപ വിശദീകരിച്ചത്.
പലയിടങ്ങളിൽനിന്നായി പിടികൂടുന്ന തെരുവുനായ്ക്കളെ വന്ധ്യംകരണത്തിനായി ഇവിടെ കൊണ്ടുവന്ന് ഒറ്റപ്പാലത്തുതന്നെ വിട്ടയയ്ക്കുന്നതായി നഗരസഭാ ചെയർപേഴ്സൺ കെ. ജാനകിദേവിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഡോക്ടർ.
പലപ്പോഴും പദ്ധതിയുടെ ഗുണം രണ്ട് താലൂക്കുകളിലും ലഭിക്കുന്നില്ല. പട്ടാമ്പിയിലുള്ള എബിസി കേന്ദ്രം ഇപ്പോഴും പ്രവർത്തനം തുടങ്ങിയിട്ടുമില്ല.
പദ്ധതി വേഗം നടപ്പാക്കാൻ ഇടപെടുമെന്ന് കെ. പ്രേംകുമാർ എംഎൽഎ യോഗത്തിൽ അറിയിച്ചു.