വടകരപ്പതിയിൽ അങ്കണവാടികളോട് അവഗണന: പ്രവർത്തനം അവതാളത്തിൽ
1510907
Tuesday, February 4, 2025 1:26 AM IST
കൊഴിഞ്ഞാമ്പാറ: പഞ്ചായത്തിലെ അങ്കണവാടികളോടു അധികൃതരുടെ അനാസ്ഥ തുടരുന്നു. മൂന്നു മാസത്തോളമായി പോഷകാഹാരങ്ങൾ വിതരണം ചെയ്യുന്നില്ല.
അങ്കണവാടി അധ്യാപകർക്കു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽനിന്നും അടയ്ക്കുന്ന വെള്ളക്കരവും വൈദ്യുതിബില്ലും ഹരിതകർമ സേനയുടെ തുകയും നൽകാതായിട്ടു രണ്ടുവർഷത്തോളമായെന്നാണ് പരാതി.
സാമ്പത്തിക ബുദ്ധിമുട്ടിലായ അങ്കണവാടി ജീവനക്കാർക്കു ബില്ലടയ്ക്കാൻ കഴിയാതെ വന്നതോടെ വൈദ്യുതി കണക്്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി.
വടകരപ്പതി പഞ്ചായത്തിലെ 27 അങ്കണവാടികളിലും ഇതുതന്നെയാണ് അവസ്ഥയെന്നു പൊതുപ്രവർത്തകർ ആരോപിച്ചു. പഞ്ചായത്തിലെ മറ്റു വികസന പ്രവർത്തനങ്ങളേക്കാൾ പ്രാധാന്യംനൽകി ഫണ്ട് അനുവദിക്കേണ്ട അങ്കണവാടികളോടു വലിയ രീതിയിലുള്ള അവഗണനയാണ് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്.
2023 മുതലുള്ള വെള്ളക്കരത്തിന്റെയും വൈദ്യുതി ബില്ലിന്റെയും തുകയാണ് അങ്കണവാടി അധ്യാപകർക്കു കുടിശികയുള്ളത്. കഴിഞ്ഞ മൂന്നുമാസത്തോളമായി കുട്ടികൾക്കുള്ള അരിയും പയറും ഉൾപ്പെടെയുള്ള ആഹാര സാധനങ്ങൾ അധ്യാപകരാണ് വിലകൊടുത്തു വാങ്ങുന്നത്. ഇതിന്റെയെല്ലാം രേഖകൾ സഹിതം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
ഇതു സംബന്ധിച്ച് വകുപ്പുമേധാവിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. അതേ സമയം 2023 മാർച്ച് മുതലുള്ള വെള്ളത്തിന്റെ ബില്ലും ഹരിതകർമ സേനയുടെ ബില്ലും മാത്രമാണ് നൽകാനുള്ളതെന്നും വൈദ്യുതി ബില്ല് 2024 ജൂലൈ വരെയുള്ളത് നൽകിയിട്ടുണ്ടെന്നും നവംബർ വരെയുള്ള ബില്ല് ട്രഷറിയിലേക്കു നൽകിയിട്ടുണ്ടെന്നുമാണ് ഐസിഡിഎസ് സൂപ്പർവൈസറുടെ വിശദീകരണം.
പഞ്ചായത്തിനു ഫണ്ടില്ലാത്തതിനാലാണ് വെള്ളക്കരവും മറ്റും കൊടുക്കാൻ കഴിയാത്തതെന്നു പഞ്ചായത്ത് അധികൃതരും പറയുന്നു.