വിളകൾ രക്ഷിച്ചെടുക്കാൻ കർഷകർ പെടാപ്പാടിൽ
1510704
Monday, February 3, 2025 1:58 AM IST
വടക്കഞ്ചേരി: പാലക്കുഴിയിലെ കൃഷിയിടങ്ങളിൽ കാട്ടുകൊമ്പന്റെ അതിക്രമം. ഒരാഴ്ചയായി വനാതിർത്തിയിൽ തമ്പടിച്ച കൊമ്പനാനയാണ് രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലെത്തി വാഴയും തെങ്ങും ഉൾപ്പെടെയുള്ള വിളകൾ നശിപ്പിക്കുന്നത്. പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തുന്ന മുണ്ടപ്ലാക്കൽ തങ്കച്ചൻ, ജിന്റോ ജോർജ് വെട്ടത്ത്, ജോസഫ് പെരുമാംതടം എന്നിവരുടെ കൃഷിയിടങ്ങളിലെ നൂറുകണക്കിന് വാഴകളും തെങ്ങുകളും വിളവ് എടുക്കാറായ കുരുമുളക് ചെടികളുമാണ് നശിപ്പിച്ചിട്ടുള്ളത്.
പാലക്കുഴിയിൽ ഫോറസ്റ്റ് കെട്ടിടത്തിന്റെ സമീപത്തുള്ള വനാതിർത്തിൽ സ്ഥാപിച്ച സോളാർ ഫെൻസിംഗ് തകർത്താണ് ആന എത്തുന്നത്. പാലക്കുഴിയിലെ പിസിഎം, അത്തിക്കരക്കുണ്ട് , കൽക്കുഴി, വിലങ്ങൻ പാറ, ഓടക്കുന്ന് എന്നിവിടങ്ങളിൽ കുരങ്ങും മലയണ്ണാനും വ്യാപകമായി കൃഷിനശിപ്പിക്കുന്നതിനു പുറമെ കുരങ്ങുകൾ വീടിനുള്ളിൽ കയറിയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയാണ്.
വേനൽ കടുക്കുന്നതോടെ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗശല്യം രൂക്ഷമാകും എന്ന ഭീതിയിലാണ് നാട്ടുകാർ.കാട്ടാന ശല്യമുള്ളതിനാൽ രാവിലെ റബർ ടാപ്പിംഗും മുടങ്ങുന്ന സ്ഥിതിയായിട്ടുണ്ട്. കണച്ചിപ്പരുത, കരടിയള, പനംകുറ്റി പ്രദേശങ്ങളിൽ കാട്ടാന ആക്രമണം ഉണ്ടാക്കുന്നത് പൈനാപ്പിൾ കൃഷി നടത്തുന്നത്കൊണ്ടാണെന്നാണ് വനംവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കണ്ടുപിടുത്തം. എന്നാൽ ഇപ്പോൾ കാട്ടാനശല്യം ഉണ്ടായ പാലക്കുഴി പ്രദേശത്ത് പൈനാപ്പിൾ പോലെയുള്ള കൃഷികൾ എവിടെയുമില്ല. നാട്ടിലെത്തുന്ന കാട്ടാനകളെ കാട്കയറ്റാൻ നടപടിയെടുക്കാതെ നിഷ്ക്രിയത തുടരുകയാണ് വനംവകുപ്പ്. വന്യമൃഗ ശല്യം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജാഗ്രതാസമിതികൾ രൂപീകരിച്ചെങ്കിലും അവ നോക്കുകുത്തിയായി മാറി.
സോളാർ ഫെൻസിംഗിൽ കയറിയ വള്ളിപടർപ്പുകളും പൊന്തക്കാടുകളും വെട്ടിമാറ്റാനോ അറ്റകുറ്റപ്പണികൾ നടത്താനോ സംവിധാനമില്ല. ഫണ്ടില്ലെന്നാണ് വനംവകുപ്പിന്റെ ന്യായീകരണം. രണ്ടാഴ്ച മുമ്പ് താണിച്ചുവട്ടിൽ കാട്ടാന പകൽ ഇറങ്ങിയപ്പോൾ ആ പ്രദേശത്തെ കാടുവെട്ടിയതല്ലാതെ വനാതിർത്തി മുഴുവൻ കാട് വെട്ടൽ പൂർത്തിയാക്കിയിട്ടില്ല.
പനംകുറ്റി, താമരപ്പള്ളി പ്രദേശങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ച സോളാർ ലൈറ്റുകൾ, പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായെങ്കിലും അവ മാറ്റി സ്ഥാപിക്കുന്നതിനും നടപടിയില്ലെന്ന ആക്ഷേപമാണ് ജനങ്ങൾക്കുള്ളത്. പീച്ചി വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുടനീളം പീച്ചി -ആലത്തൂർ വനംവകുപ്പ് അധികൃതർ സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ഇതെല്ലാം തകർത്താണ് ആനകളെത്തുന്നത്. സോളാർ വേലിയിലേക്ക് മരം തള്ളിയിട്ടാണ് ആന തകർക്കുന്നത്. ഇവിടെ തൂക്കുവേലി വേണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിട്ടും ഫണ്ടില്ലെന്ന പേരുപറഞ്ഞ് എല്ലാം ഉറപ്പുകളിൽ ഒതുങ്ങുകയാണ്. കൃഷി, നാശം സംഭവിക്കുന്ന കർഷകർക്കുള്ള നഷ്ടപരിഹാരവും നാമ മാത്രമാണ്. അതിനാകട്ടെ നിരവധി ഓഫീസിൽ കയറിയിറങ്ങി രേഖകൾ സമ്പാദിച്ചു വേണം അപേക്ഷ നൽകാൻ.
അതിനാൽ ഭൂരിപക്ഷം കർഷകരും വന്യജീവി ആക്രമണത്തിൽ കൃഷി നഷ്ടപ്പെട്ടാലും പരാതി നൽകാനോ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാനോ തയ്യാറാവുന്നില്ല. ആനയ്ക്ക് പുറമെ കാട്ടുപന്നിയും കുരങ്ങും മലയണ്ണാനും പിസിഎ, പാത്തിപ്പാറ ഭാഗത്ത് കരടിയും കൽക്കുഴി പ്രദേശത്ത് പുലിയും എത്തുന്നുണ്ട്.
ആർആർടി സംഘത്തെ ഉപയോഗിച്ച് ഈ പ്രദേശത്ത് തമ്പടിക്കുന്ന കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നും കുരങ്ങുകളെ കൂടു വച്ചു പിടിച്ച് അകലെയുള്ള വനാന്തർഭാഗത്തേക്ക് വിടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.