പെരുമുടിയൂരിൽ വിദ്യാർഥികൾക്കായി റെയിൽവേ അടിപ്പാത യാഥാർഥ്യമാകും
1511183
Wednesday, February 5, 2025 2:09 AM IST
ഷൊർണൂർ: പെരുമുടിയൂർ ഓറിയന്റൽ സ്കൂളിലെ വിദ്യാർഥികൾക്കു വരാനും പോകാനും റെയിൽവേ അനുവദിച്ച അടിപ്പാതയുടെ ദർഘാസ് നടപടികൾ പൂർത്തിയായി. നിർമാണ പ്രവൃത്തികൾ ഉടൻ തുടങ്ങും.
മണ്ണുപരിശോധനയടക്കമുള്ള മുന്നൊരുക്കങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. റെയിൽവേ സംഘത്തിന്റെ സന്ദർശനശേഷം പണി തുടങ്ങും. 14 മീറ്റർ നീളത്തിൽ 1.85 മീറ്റർ ഉയരവും 2.50 മീറ്റർ വീതിയുമുള്ള പാതയാണ് 95.35 ലക്ഷം രൂപ ചെലവിട്ട് റെയിൽവേ നിർമിക്കുന്നത്.
പാളത്തിനുസമീപമുള്ള കരിങ്കൽപ്പടവുകൾ മുഴുവൻ റെയിൽവേ അധികൃതർ പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിലേക്ക് വരാനുംപോകാനും ബുദ്ധിമുട്ടായി. തുടർന്നാണ് അടിപ്പാതയെന്ന ആവശ്യമുയർന്നത്. വി.കെ. ശ്രീകണ്ഠൻ എംപിയും മുഹമ്മദ് മുഹ്സിൻ എംഎൽഎയും മറ്റു ജനപ്രതിനിധികളും പിടിഎയും പഞ്ചായത്തും നിരന്തരം ഇടപെടലുകൾ നടത്തി.
മെട്രോമാൻ ഇ. ശ്രീധരൻ ഇവിടം സന്ദർശിച്ച് റെയിൽവേ അധികൃതരുമായി സംസാരിക്കയും സഹായവാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ഉൾനാടുകളിൽനിന്ന് പട്ടാമ്പി-മുതുതല റൂട്ടിൽ കോയപ്പടിയിൽ ബസിൽനിന്നിറങ്ങി പാടം വഴിയുള്ള കോൺക്രീറ്റ് നടപ്പാതകടന്ന് റെയിൽവേലൈൻ മുറിച്ചുകടന്നാണു വിദ്യാർഥികൾ സ്കൂളിൽ ദീർഘകാലം എത്തിയിരുന്നത്.
2011ൽ ഓപ്പൺ സ്കൂളിലെ രണ്ടുവിദ്യാർഥികളും 2022ൽ ഹാൾടിക്കറ്റ് വാങ്ങാൻവന്ന ഒരു കുട്ടിയും ഇവിടെ ട്രെയിനിടിച്ചു മരിച്ചിരുന്നു.
വലിയ അപകടസാധ്യത നിലനിൽക്കുന്ന പ്രദേശമാണ് ഇവിടം. ഇക്കാര്യം റെയിൽവേയ്ക്ക് കൂടി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദൽ സംവിധാനത്തിന് നടപടികൾ ഒരുങ്ങിയത്.