അർഹരായ എല്ലാവർക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുക സർക്കാർ നയം: മന്ത്രി ജി.ആർ. അനിൽ
1511191
Wednesday, February 5, 2025 2:09 AM IST
പാലക്കാട്: അർഹരായ എല്ലാവർക്കും ഭക്ഷ്യധാന്യം ലഭ്യമാക്കുക സർക്കാർ നയമെന്നും ഇക്കാര്യം ഉറപ്പാക്കുമെന്നും മന്ത്രി ജി.ആർ. അനിൽ. കൃത്യമായ അളവിലും തൂക്കത്തിലും തന്നെയാണ് റേഷൻ ലഭിക്കുന്നത് എന്ന കാര്യം സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പറന്പിക്കുളം ഗോത്രവർഗ മേഖലയിൽ റേഷൻ ഭക്ഷ്യധാന്യം നേരിട്ട് എത്തിക്കുന്നതിനായി ആരംഭിച്ച സഞ്ചരിക്കുന്ന റേഷൻകട ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഒരാൾക്കും ഭക്ഷ്യധാന്യം ലഭിക്കാതിരിക്കരുത് എന്ന സമീപനമാണ് സർക്കാരിന്റേത്.
ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 9373 മുൻഗണനാ കാർഡുകൾ നൽകി. വിവിധ താലൂക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളിൽ മുൻഗണനാ കാർഡുകളിലേക്ക് തരംമാറ്റാനായി ലഭിച്ച എല്ലാ അപേക്ഷകളിലും തീരുമാനമെടുത്തു. റേഷൻ കാർഡ് മസ്റ്ററിംഗ് ജില്ലയിൽ 95.51 ശതമാനം
പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 139-ാമത്തെയും ജില്ലയിലെ മൂന്നാമത്തെയും സഞ്ചരിക്കുന്ന റേഷൻകടയാണ് പറന്പിക്കുളത്ത് പ്രവർത്തനം തുടങ്ങിയത്. പറന്പിക്കുളം ടൈഗർ റിസർവിനു അകത്തുള്ള കുരിയാർകുറ്റിയിലെ 86 കുടുംബങ്ങൾക്കും പൂപ്പാറയിലെ 54 കുടുംബങ്ങൾക്കും ഗുണം ചെയ്യും. നിലവിൽ പറന്പിക്കുളം സെന്ററിലാണു റേഷൻ കട.
കുരിയാർകുറ്റിയിൽ നിന്ന് 10 കിലോമീറ്ററും പൂപ്പാറയിൽ നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചു വേണം റേഷൻ കടയിലെത്താൻ.
കടയിലെത്തി റേഷൻ വാങ്ങാനുള്ള പ്രയാസങ്ങൾ മനസിലാക്കി വനംവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മുൻകൂട്ടി തീയതി അറിയിച്ച ശേഷമാകും വാഹനം വിതരണത്തിനെത്തുക.
പറന്പിക്കുളം ടൈഗർ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കെ.ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു.