ക്രമീകരണങ്ങൾ ചർച്ചചെയ്തു പട്ടാമ്പി നേർച്ച അവലോകനയോഗം
1511185
Wednesday, February 5, 2025 2:09 AM IST
ഷൊർണൂർ: പട്ടാമ്പി നേർച്ച അവലോകന യോഗം നടന്നു. ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പട്ടാമ്പി നേർച്ച ദേശോത്സവത്തിന്റെ ക്രമീകരണങ്ങൾക്കായിട്ടാണ് അവലോകനയോഗം ചേർന്നത്. ഷൊർണൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
ഉപ ആഘോഷക്കമ്മിറ്റി ഭാരവാഹികളും കേന്ദ്ര ആഘോഷക്കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. സുരക്ഷയ്ക്കായി പട്ടാമ്പി ടൗൺ മുഴുവൻ നിരീക്ഷണ കാമറകളും വെളിച്ചത്തിനായി പ്രകാശസംവിധാനങ്ങളും സ്ഥാപിക്കാൻ തീരുമാനിച്ചു.
ഉത്സവം ഇൻഷ്വർ ചെയ്യാനും അമിതശബ്ദം പുറപ്പെടുവിക്കുന്ന നാസിക് ഡോൾ, ഡിജെ മുതലായവ കർശനമായി ഒഴിവാക്കാനും കൃത്യസമയം പാലിച്ച് ഘോഷയാത്ര പൂർത്തിയാക്കാനും തീരുമാനിച്ചു.
പട്ടാമ്പി സിഐ പി.കെ. പത്മരാജൻ, എസ്ഐ കെ. മണികണ്ഠൻ, കേന്ദ്ര നേർച്ചയാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.ആർ. നാരായണസ്വാമി, ജനറൽ സെക്രട്ടറി അലി പുവത്തിങ്കൽ, എ.വി. അബു, വൈസ് പ്രസിഡന്റുമാരായ വാഹിദ് കല്പക, ഉസ്മാൻ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.