പാലക്കാട് രൂപത നാടിനു സേവനമാതൃക: കർദിനാൾ മാർ ക്ലീമിസ്
1510908
Tuesday, February 4, 2025 1:26 AM IST
പാലക്കാട്: പാലക്കാട് രൂപതയുടെ സുവർണ ജൂബിലി സ്മാരകമായ സാൻജോ കോളജ് ഓഫ് നഴ്സിംഗ് ആൻഡ് അലൈഡ് സയൻസസിന്റെ പുതിയകെട്ടിടം വെള്ളപ്പാറ സാൻജോ കാന്പസിൽ ഉദ്ഘാടനം ചെയ്തു. കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ പുതിയ നഴ്സിംഗ് കോളജിന്റെ ആശീർവാദകർമം നടത്തി. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സാൻജോ കോളജിൽ പ്രതിഷ്ഠിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ രൂപം ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് വെഞ്ചരിച്ചു.
പാലക്കാട് രൂപത നാടിന്റെ നന്മകളെ നട്ടുനനയ്ക്കുന്ന പ്രവർത്തനങ്ങൾ ഒഴിഞ്ഞ അന്‍പതു വർഷമായി തുടരുന്നുവെന്നും നാടിനു നന്മയാകുന്ന പ്രവർത്തനങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് നാടിന് സമർപ്പിക്കുന്ന നഴ്സിംഗ്് കോളജ് എന്നും കർദിനാൾ പറഞ്ഞു. രൂപത വികാരി ജനറാൾ മോണ്‍ ജീജോ ചാലയ്ക്കൽ, കോളജ് ഡയറക്ടർ ഫാ. ബിനു പൊൻകാട്ടിൽ, പ്രിൻസിപ്പൽ ഡോ. ബീന നായർ എന്നിവർ പ്രസംഗിച്ചു.
ആദ്യ ബാച്ചിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന വിദ്യാർഥിക്ക് നല്കാൻ കർദിനാൾ ഒരു ലക്ഷം രൂപയുടെ ചെക്ക് കോളജ് മാനേജ്മെന്റിന് കൈമാറി. വൈകുന്നേരം നടന്ന പൊതുസമ്മേളനം തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പാലക്കാടിന്റെ സംഭാവനയാണ് സാൻജോ നഴ്സിംഗ് കോളജും, സാൻജോ ഫാർമസി കോളജും, പാലന സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലും എന്ന് ആർച്ച്ബിഷപ് അനുസ്മരിച്ചു.
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ.സി.പി. വിജയൻ വിശിഷ്ടാഥിതി ആയിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, കുഴൽമന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ, അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, പാലന ആശുപത്രി ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പള്ളി, സിസ്റ്റർ റോസ് ആൻ സിഎംസി, വാർഡ് അംഗം ഷാജഹാൻ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സണ്ണി നെടുംപുറം, പിടിഎ പ്രസിഡന്റ് ടീന തോമസ്, ഡോ. ഷെബി ഫിലിപ്പ് എന്നിവർ ആശംസാപ്രസംഗം നടത്തി. പൊതുസമ്മേളനത്തിന് ശേഷം വിദ്യാർഥികളുടെ കലാസന്ധ്യയും അരങ്ങേറി.