ഊട്ടറയിൽ പുതിയ പുഴപ്പാലം നിർമാണത്തിനു നടപടി തുടങ്ങി
1510901
Tuesday, February 4, 2025 1:26 AM IST
കൊല്ലങ്കോട്: ഊട്ടറയിൽ ഗായത്രിപ്പുഴ പഴയപാലത്തിനു സമീപം പുതിയ പാലം നിർമാണത്തിനു പ്രാഥമിക നടപടികൾക്കു തുടക്കമിട്ട് അധികൃതർ.
പുതിയ ടെൻഡർ ക്ഷണിക്കുന്നതിനൊപ്പം ഏറ്റെടുത്ത സ്ഥലങ്ങൾ ജെസിബി ഉപയോഗിച്ച് നിരപ്പാക്കുന്ന പ്രവൃത്തികളും തുടങ്ങിയിട്ടുണ്ട്.
5.99 കോടി ചെലവിൽ പുതിയ പാലം നിർമാണത്തിനായി കേരളാ റോഡ്സ് അൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ നേരത്തെ ടെൻഡർ ക്ഷണിച്ചെങ്കിലും ഏജൻസികൾ ആരും എത്തിയിട്ടില്ല . ഈ സാഹചര്യത്തിൽ റീ ടെൻഡർ ക്ഷണിക്കാൻ വീണ്ടും തീരുമാനമായത്.
പഴയ പാലത്തിലൂടെയാണ് നിയന്ത്രണവിധേയമായി വാഹനങ്ങൾ ഇപ്പോൾ കടത്തിവിടുന്നത്. 50 ലക്ഷം ചെലവിൽ പഴയപാലം ചെറുവാഹനങ്ങൾക്കായി നവീകരിച്ചിരുന്നു. പിന്നീട് ബസുടമകളുടെ സമ്മർദമുണ്ടായപ്പോൾ പാലം അവർക്കും തുറന്നുകൊടുത്തു. ഇതോടൊപ്പം അമിതഭാരം കയറ്റി കരിങ്കൽകയറ്റിയ ലോറികളും കടന്നുപോകാൻ തുടങ്ങിയതോടെ പാലത്തിന്റെ സുരക്ഷയിൽ ആശങ്ക വർധിച്ചു. പഴയ പാലത്തിനു ഇനിയും കേടുപാടുകൾ സംഭവിച്ചാൽ കൊല്ലങ്കോട് പ്രദേശം ഒറ്റപ്പെടുമെന്നിരിക്കേ പിഡബ്ല്യുഡി, പോലീസ് വകുപ്പുകൾ രംഗത്തുവരുന്നില്ലെന്നതും ആശങ്ക കൂട്ടുന്നു.