കരിങ്കയം തേക്കുതോട്ടത്തിൽ മരംമുറി തുടങ്ങി
1496485
Sunday, January 19, 2025 2:20 AM IST
മംഗലംഡാം: കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനടുത്തുള്ള തേക്കുതോട്ടത്തിൽ തേക്കുമരങ്ങൾ മുറിക്കൽ തുടങ്ങി. 10.9 ഹെക്ടർ പ്രദേശത്ത് വരുന്ന 2683 മരങ്ങളാണ് ഇ ടെൻഡർ നടപടികൾ പൂർത്തിയാക്കി മുറിക്കൽ ആരംഭിച്ചിട്ടുള്ളത്. 2683 മരങ്ങളിൽ 2038 മരങ്ങളും തേക്ക് തന്നെയാണ്. ഇതിൽ 200 ഇഞ്ച് വണ്ണമുള്ള വലിയ തേക്ക് മരങ്ങളുമുണ്ട്. ഈട്ടി, ചടച്ചി തുടങ്ങിയവയും പാഴ്മരങ്ങളും കൂട്ടത്തിലുണ്ട്. 60 വർഷത്തിൽ കൂടുതൽ പ്രായമായ തേക്ക് മരങ്ങളാണ് എല്ലാം തന്നെ. 60 ഇഞ്ച് വണ്ണത്തിൽ കൂടുതലുള്ള തേക്ക് തടികൾ വനംവകുപ്പിന്റെ വാളയാർ ഡിപ്പോയിലേക്ക് മാറ്റും.
വണ്ണം കുറഞ്ഞ തടികളും കഴകളും വിറകും കരിങ്കയത്ത് തന്നെ ലേലം ചെയ്ത് വില്പന നടത്തുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തുള്ളയാളാണ് കോടികളേറെ വിലമതിക്കുന്ന തേക്ക് തടികൾ മുറിച്ച് ഡിപ്പോയിലേക്ക് മാറ്റാൻ കരാർ എടുത്തിട്ടുള്ളത്. മരങ്ങൾ മുറിച്ചുമാറ്റി പുതിയ തേക്ക് പ്ലാന്റിംഗ് നടത്തും.
2000 ഏക്കർ വരുന്ന സ്ഥലമാണ് വനം വകുപ്പിന്റെ അധീനതയിലുള്ള കരിങ്കയം തേക്ക് പ്ലാന്റേഷൻ. അതേസമയം വൻ അഴിമതികൾക്ക് കാരണമാകുന്ന മരംമുറി സംബന്ധിച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പരിശോധനകളും കണക്കെടുപ്പുകളും യഥാസമയം ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.