വടക്കഞ്ചേരി ടൗണിലെ അനധികൃത പാർക്കിംഗിനെതിരേ നടപടിയില്ല
1496479
Sunday, January 19, 2025 2:20 AM IST
വടക്കഞ്ചേരി: കുത്തഴിഞ്ഞു കിടക്കുന്ന വടക്കഞ്ചേരി ടൗണിലെ ട്രാഫിക് സംവിധാനം നേരെയാക്കാൻ രണ്ടുവർഷം മുമ്പ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി അനധികൃത പാർക്കിംഗിനെതിരെ ഉടൻ നടപടി തുടങ്ങുമെന്ന പുതിയ തീരുമാനം എടുത്തത് ഒരു മാസം മുമ്പ് ഡിസംബർ ഒമ്പതിന്. ഉടൻ നടപടിയുണ്ടായില്ലെങ്കിലും ഡിസംബർ ഒടുവോടെയും ജനുവരി ആദ്യത്തിലുമായി പഞ്ചായത്ത് അധികൃതരും പോലീസും മറ്റും നിരത്തിലിറങ്ങി ആരംഭശൂരത്വം കാണിച്ചു.
പിന്നെയെല്ലാം തഥൈവ. നേരത്തെ ടൗണിലെ തിരക്കേറിയ റോഡിനോട് ചേർന്ന് വെള്ള ലൈനിട്ടതിന്റെ പുറത്ത് വാഹനങ്ങൾ നിർത്തിയിട്ടായിരുന്നു പച്ചമത്സ്യമുൾപ്പെടെ കച്ചവടം നടത്തിയിരുന്നത്. എന്നാൽ അനധികൃത പാർക്കിംഗിനെതിരെ നടപടി ‘കടുപ്പിച്ച'പ്പോൾ ഇപ്പോൾ വരനോക്കാതെ റോഡിൽ തന്നെയാണ് മത്സ്യ വില്പന നടത്തുന്നത്. സ്ഥിരമായി ഇവിടെ മത്സ്യവില്പന നടക്കുന്നു എന്ന് സ്ഥലത്ത് എത്തുന്ന പൂച്ചകളുടെയും നായ്ക്കളുടെയും കൂട്ടം കണ്ടാൽ അറിയാം. ടൗണിലെ ചെറുപുഷ്പം ജംഗ്ഷനടുത്താണ് ഈ അനധികൃത വില്പന പൊടിപൊടിക്കുന്നത്. ഇവിടെ മാത്രമല്ല ടൗൺ റോഡിൽ മന്ദം കവല ഉൾപ്പെടെ മറ്റു പല ഭാഗത്തും ഇത്തരം വില്പന നടക്കുന്നുണ്ട്.
പക്ഷെ നടപടി എടുക്കേണ്ടവർ കണ്ണടക്കുകയാണ്. ആദ്യ ദിവസങ്ങളിൽ മുന്നറിയിപ്പുകൾ നൽകും. ആവശ്യമുള്ളിടത്ത് ബോർഡുകൾ സ്ഥാപിക്കും. തുടർന്ന് പിഴ ചുമത്തലും വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളെടുക്കാനായിരുന്നു ഡിസംബർ ഒമ്പതിലെ സർവകക്ഷി യോഗം തീരുമാനം. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുൾപ്പെടുന്ന സ്ക്വാഡുകളും രൂപീകരിച്ചു.n നടപടികളിലേക്ക് നീങ്ങുമ്പോൾ ഉദ്യോഗസ്ഥരെ സ്വാധിനിച്ച് സ്വന്തക്കാരെയും വേണ്ടപ്പെട്ടവരേയും ഒഴിവാക്കുന്ന പതിവുശീലം ഉണ്ടാകരുതെന്ന് യോഗത്തിൽ എല്ലാവരും ഉറച്ച തീരുമാനവുമെടുത്തു.
എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിലെ വടക്കഞ്ചേരി ടൗണിനെ വൃത്തിയുള്ള നഗരമാക്കാനാകു എന്ന് അധികാരികളും പ്രസംഗിച്ചു. പകൽസമയത്തെ വഴിയോര കച്ചവടം ഒഴിവാക്കും. ടൗൺ റോഡിലെ പച്ചമത്സ്യ വില്പന പൂർണമായും നിരോധിക്കുമെന്നും പറഞ്ഞിരുന്നു.
ചെറുപുഷ്പം ജംഗ്ഷൻ മുതൽ തങ്കം ജംഗ്ഷൻ വരെ ടൗണിൽ മൂന്നോ നാലോ ഓട്ടോസ്റ്റാൻഡുകൾ മാത്രമാണ് പഞ്ചായത്ത് അംഗീകൃതമായുള്ളത്. മറ്റുളളതെല്ലാം അനധികൃതമാണ്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു പരിശോധിക്കും. വഴിയോരങ്ങളിൽ വാഹനങ്ങൾ നിർത്തിയിട്ട് കച്ചവടം നടത്തുന്നത് പെർമിറ്റ് ലംഘനമായി കണ്ട് നടപടി എടുക്കുമെന്നും പറഞ്ഞു.
ഇത് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശവും നൽകി. പെർമിറ്റില്ലാതെ ടൗണിലോടുന്ന ഓട്ടോറിക്ഷകൾക്കെതിരെയും നടപടിയെടുക്കും. വെയിൽ - മഴ പേരിൽ കടകൾക്കു മുന്നിൽ അനധികൃതമായി ഇറക്കി കെട്ടിയിട്ടുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കാൻ പൊതുമരാമത്ത് റോഡ്സ് വിഭാഗം നടപടി സ്വീകരിക്കും. ഇവയായിരുന്നു തീരുമാനങ്ങൾ.
പക്ഷെ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. റോഡിലെ കടകളും സ്ഥിരമായി തന്നെ തുടരുകയാണ്. ടൗൺ റോഡിലൂടെ ടു വേ ബസ് സർവീസ് വന്നാൽ റോഡിലെ സ്ഥിരമായുള്ള അനധികൃത കച്ചവട സ്ഥാപനങ്ങൾ ഇല്ലാതാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.