വനനിയമ ഭേദഗതിബിൽ പിൻവലിച്ചത് കർഷകർക്കു നേട്ടം: കേരള കോൺഗ്രസ്-എം
1496482
Sunday, January 19, 2025 2:20 AM IST
മണ്ണാർക്കാട്: മലയോര കർഷകരുടെ ആശങ്കകൾക്ക് വിരാമം ഇട്ട് സംസ്ഥാനസർക്കാർ വനനിയമഭേദഗതി ബിൽ പാസാക്കാതെ ഒഴിവാക്കിയത് മലയോരകർഷകർക്ക് ആശ്വാസമായെന്ന് കേരള കോണ്‍ഗ്രസ്-എം മണ്ണാർക്കാട് നിയോജകമണ്ഡലം നേതൃസമ്മേളനം വിലയിരുത്തി. ബിൽ പ്രാബല്യത്തിൽ വന്നാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചെയർമാൻ ജോസ് കെ. മാണി സർക്കാരിനെ അറിയിച്ചിരുന്നു.
കർഷകരെ ദോഷകരമായി ബാധിക്കും എന്ന് കരുതിയിരുന്ന പരിസ്ഥിതി ദുർബല വിഷയങ്ങൾ, ബഫർസോണ്‍ ഏരിയ, മുനന്പം ഭൂമിവിഷയം തുടങ്ങിയ കാര്യങ്ങളിൽ കേരള കോണ്‍ഗ്രസ്-എം പാർട്ടിയുടെ നിലപാടുകളും അഭിപ്രായങ്ങളും മുഖ്യമന്ത്രിയെ അറിയിക്കുകയും അതിനനുസരിച്ചുള്ള പരിഹാരമാർഗങ്ങൾ സർക്കാർ സ്വീകരിച്ചതും വലിയ നേട്ടം ആണെന്ന് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ്് ഫിലിപ്പ് തുണ്ടത്തിൽ അധ്യക്ഷനായി. വാട്ടർ അഥോറിറ്റി ബോർഡ് അംഗം അഡ്വ. ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കുശലകുമാർ, ജില്ലാ സെക്രട്ടറിമാരായ തോമസ് ജോണ്‍, ബിജു പുലികുന്നേൽ, സതീഷ് ആലത്തൂർ, ശശിധരൻ, സംസ്ഥാനസമിതി അംഗം സ്റ്റാൻലി വാഗാനിൽ, കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ്് സജീവ് നെടുംപുറം പ്രസംഗിച്ചു.